ന്യൂഡൽഹി: കോവിഡ് സ്ഥിതിഗതികൾ വിലയിരുത്തുന്നതിന്റെ ഭാഗമായി മഹാരാഷ്ട്ര, തമിഴ്നാട്, മധ്യപ്രദേശ്, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണിൽ സംസാരിച്ചു.

കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ പ്രധാനമന്ത്രി സംതൃപ്തി പ്രകടിപ്പിക്കുകയും കേന്ദ്രസർക്കാരിന്റെ എല്ലാസഹായങ്ങളും ഉറപ്പുനൽകുകയും ചെയ്തതായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ ട്വീറ്റ് ചെയ്തു. ഹിമാചൽപ്രദേശിലെ ഓക്സിജൻ ലഭ്യതയെക്കുറിച്ചും ആശുപത്രികളിലെ സ്ഥിതിഗതികളെക്കുറിച്ചും പ്രധാനമന്ത്രി അന്വേഷിച്ചതായി മുഖ്യമന്ത്രി ജയ്റാം ഠാക്കൂർ പറഞ്ഞു.

മൂന്നുദിവസത്തിനിടെ 10 മുഖ്യമന്ത്രിമാരുമായും രണ്ട് ലഫ്റ്റനന്റ് ഗവർണർമാരുമായും പ്രധാനമന്ത്രി ഫോണിൽ സംസാരിച്ചു. സംസ്ഥാനത്തെ സ്ഥിതിയറിയാൻ പ്രധാനമന്ത്രി ഫോണിൽ വിളിച്ചതിനെ രൂക്ഷമായി വിമർശിച്ച് ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ നടത്തിയ പ്രസ്താവന വിവാദമായിരുന്നു. കോവിഡ് സാഹചര്യം തിരക്കാതെ മോദി ‘മൻ കി ബാത്ത്’ നടത്തുകയായിരുന്നുവെന്നായിരുന്നു സോറൻ പറഞ്ഞത്.