പുണെ: ബംഗാളിൽ സമാധാനം പുനഃസ്ഥാപിക്കാൻ കേന്ദ്രം നടപടി സ്വീകരിക്കണമെന്ന് ആർ.എസ്.എസ്. സർകാര്യവാഹ് ദത്താത്രേയ ഹൊസബലെ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തെത്തുടർന്ന് ബംഗാളിൽ അരങ്ങേറിയ സംഘർഷത്തെ അപലപിച്ച് ആർ.എസ്.എസ്. ഇറക്കിയ പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം ഉന്നയിച്ചത്.

ബംഗാളിലെ കൊലപാതകങ്ങൾക്കും സംഘർഷങ്ങൾക്കും പിന്നിൽ ഗൂഢാലോചന ഉണ്ടായിട്ടുണ്ട്. ജനങ്ങളിൽ ഭീതിയുണ്ട്. ആയിരക്കണക്കിനാണ് കൂട്ടപ്പലായനം ഉണ്ടായിട്ടുള്ളത്. പോലീസ് നടപടിയെടുക്കുന്നില്ല. കലാപത്തെത്തുടർന്ന് ജനങ്ങൾ നേരിടുന്ന പീഡനങ്ങൾക്ക് അറുതിവരുത്താനുള്ള നടപടിയുമുണ്ടായിട്ടില്ല.

ക്രമസമാധാനം ഉറപ്പാക്കാൻ ശക്തമായ നടപടി ഉടനെ ഉണ്ടാകണം. പലായനം ചെയ്തവരുടെ പുനരധിവാസം ഉറപ്പാക്കണം. ബുദ്ധിജീവികളും, സാമൂഹിക- മത- രാഷ്ടീയ നേതൃത്വവും അക്രമസംഭവങ്ങള അപലപിക്കാൻ മുന്നോട്ട് വരണമെന്നും അദ്ദേഹം പറഞ്ഞു.