ന്യൂഡൽഹി: പെട്രോൾ, ഡീസൽ, പാചകവാതക വിലവർധനയെച്ചൊല്ലി പ്രതിപക്ഷാംഗങ്ങൾ ബഹളംവെച്ചതിനെത്തുടർന്ന് തിങ്കളാഴ്ച പലതവണ നിർത്തിവെച്ച രാജ്യസഭ പിന്നീട് ഒരുദിവസത്തേക്ക്‌ പിരിഞ്ഞു. ഇന്ധനവിലക്കയറ്റം സഭ നിർത്തിവെച്ച് ചർച്ചചെയ്യണമെന്ന ആവശ്യം അധ്യക്ഷൻ എം. വെങ്കയ്യനായിഡു തള്ളിയതോടെയാണ് പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയത്. ധനവിനിയോഗ ബില്ലിലെ ചർച്ചയ്ക്കൊപ്പം ഈ വിഷയവും ഉന്നയിക്കാമെന്ന അധ്യക്ഷന്റെ നിർദേശം പ്രതിപക്ഷം അംഗീകരിച്ചില്ല.

ഇന്ധനവിലവർധന ചർച്ചചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് മല്ലികാർജുൻ ഖാർഗെയാണ് നോട്ടീസ് നൽകിയത്. അന്താരാഷ്ട്ര വിപണിയിൽ വിലകുറഞ്ഞിട്ടും രാജ്യത്ത് പെട്രോളിനും ഡീസലിനും പാചകവാതകത്തിനും വില വർധിക്കുകയാണെന്ന് ഖാർഗെ പറഞ്ഞു. 2014-നുശേഷം പെട്രോളിന് 820 ശതമാനവും ഡീസലിന് 258 ശതമാനവും എക്‌സൈസ് തീരുവ കൂട്ടി. ഇതുവഴി സർക്കാർ 21 ലക്ഷം കോടി രൂപ സമാഹരിച്ചപ്പോൾ സാധാരണക്കാരാണ് ബുദ്ധിമുട്ടിലായതെന്നും ഖാർഗെ പറഞ്ഞു.

എന്നാൽ, മറ്റുനടപടികൾ നിർത്തിവെച്ച് ഇന്ധനവില ചർച്ചചെയ്യാൻ തയ്യാറാവാതെ അധ്യക്ഷൻ ചോദ്യോത്തരവേളയിലേക്ക് കടക്കുകയായിരുന്നു. ഇതോടെ പ്രതിപക്ഷാംഗങ്ങൾ നടുത്തളത്തിലിറങ്ങി ബഹളം തുടങ്ങിയപ്പോൾ നാലുതവണ നിർത്തിവെച്ച സഭ പിന്നീട് ഒരുദിവസത്തേക്ക്‌ പിരിഞ്ഞു.

രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മൂന്ന് ബി.ജെ.പി. അംഗങ്ങൾ തിങ്കളാഴ്ച സത്യപ്രതിജ്ഞചെയ്തു. ബിശ്വജിത് ഡെയ്മറി, ദിനേശ് ചന്ദ്ര ജമേൽഭായ്, രാംഭായ് ഹരിഭായ് മൊകാരിയ എന്നിവരാണ് സത്യപ്രതിജ്ഞചെയ്തത്.