മുംബൈ: അടിസ്ഥാന പലിശ നിരക്കുകൾ ഉടൻ ഉയർത്തുന്നത് പരിഗണനയിലില്ലെന്ന് സൂചന നൽകി റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്. പണപ്പെരുപ്പം നിയന്ത്രിച്ചുനിർത്തുന്നതിനാണ് കൂടുതൽ മുൻഗണന. പണപ്പെരുപ്പം ഉയർന്നാൽ നിക്ഷേപകർക്കുതന്നെയാണ് ബുദ്ധിമുട്ട്. നിക്ഷേപത്തിൽനിന്നുള്ള പ്രതിഫലത്തിൽ വലിയൊരു ഭാഗം വിലക്കയറ്റത്തിന്റെ രൂപത്തിൽ നഷ്ടമാകുമെന്നും ഗവർണർ പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

പണപ്പെരുപ്പം നാലു ശതമാനത്തിൽ നിർത്താനാണ് റിസർവ് ബാങ്ക് ലക്ഷ്യമിടുന്നത്. കോവിഡിന്റെ പ്രത്യേക സാഹചര്യം മുൻനിർത്തി ഇത് അഞ്ചു ശതമാനം വരെ പോകാം. പണപ്പെരുപ്പം ഉയർന്ന നിലവാരത്തിലായിരുന്നു ഇതുവരെ. ഇപ്പോൾ നേരിയ തോതിൽ കുറഞ്ഞിട്ടുണ്ട്. എന്നാൽ അന്താരാഷ്ട്ര വിപണിയൽ അസംസ്കൃത എണ്ണവില ഉയരുന്നതും രാജ്യത്ത് പെട്രോൾ, ഡീസൽ ഉത്പന്നങ്ങളുടെ ഉയർന്ന നികുതിയും പണപ്പെരുപ്പത്തിന്റെ കാര്യത്തിൽ ആശങ്കയുയർത്തുന്നുണ്ട്.

കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ഒരുമിച്ചിരുന്ന് തീരുമാനമെടുക്കേണ്ട വിഷയമാണിത്. വില ഇനിയും ഉയർന്നാൽ അത് വലിയ വെല്ലുവിളിയാകും. അതുകൊണ്ടുതന്നെ പലിശ നിരക്കുകൾ ഉയർത്തുന്നതിനെക്കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ല.

രാജ്യത്തെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനും വിപണിയിൽ പണലഭ്യത ഉയർത്തുന്നതിനുമായി റിസർവ് ബാങ്ക് അടിസ്ഥാന നിരക്കുകൾ 6.5 ശതമാനത്തിൽനിന്ന് നാലു ശതമാനത്തിലേക്ക് കുറച്ചിരുന്നു. ആർ.ബി.ഐയുടെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഇത് സേവിങ്സ് നിക്ഷേപങ്ങളുള്ളവർക്കുൾപ്പെടെ തിരിച്ചടിയായിട്ടുണ്ട്.

ബാങ്കുകൾക്ക് പുതിയ ഉത്പന്നങ്ങൾ അവതരിപ്പിക്കുന്നതിലൂടെ ഇതിനെ മറികടക്കാവുന്നതാണ്. ചെറുകിട നിക്ഷേപകർക്ക് മറ്റു പല നിക്ഷേപമാർഗങ്ങളും വിപണിയിൽ ലഭ്യമാണെന്നും ഗവർണർ കൂട്ടിച്ചേർത്തു.