ന്യൂഡൽഹി: ഉന്നതവിദ്യാഭ്യാസമേഖലയിൽ ഗുണനിലവാരം മെച്ചപ്പെടുത്താനുള്ള കേന്ദ്രത്തിന്റെ ‘റൂസ’ (രാഷ്ട്രീയ ഉച്ഛതർ ശിക്ഷാ അഭിയാൻ) പദ്ധതിയിൽനിന്ന് കഴിഞ്ഞ സാമ്പത്തികവർഷം കേരളത്തിന് സഹായമൊന്നും ലഭിച്ചില്ല.

ഇതുവരെ 170.52 കോടി രൂപ സംസ്ഥാനത്തിന് അനുവദിച്ചിട്ടുണ്ട്. 2016-’17-ൽ 60.26 കോടി രൂപ, 2017-’18-ൽ 13.48 കോടി, 2018-’19-ൽ 82.35 കോടി, 2019-’20-ൽ 14.4 കോടി എന്നിങ്ങനെ സഹായം വിതരണംചെയ്തതായി വിദ്യാഭ്യാസ സഹമന്ത്രി ഡോ. സുഭാഷ് സർക്കാർ രാജ്യസഭയിൽ എം.വി. ശ്രേയാംസ് കുമാറിനെ അറിയിച്ചു. കേരളത്തിൽ ആകെ 163 സ്ഥാപനങ്ങൾക്ക് ഇതുവരെ നൽകിയിട്ടുണ്ട്. ദേശീയതലത്തിൽ ആകെ 2942 സ്ഥാപനങ്ങൾക്കാണ് സഹായമനുവദിച്ചത്. ഓട്ടോണമസ് കോളേജുകളെ സർവകലാശാലകളാക്കി ഉയർത്തൽ, അവയുടെ അടിസ്ഥാനവികസനത്തിന് സഹായം നൽകൽ, കോളേജുകൾക്ക് അടിസ്ഥാനസൗകര്യ ഗ്രാന്റ് അനുവദിക്കൽ, ബിരുദകോളേജുകൾ മോഡൽ കോളേജുകളായി ഉയർത്തൽ തുടങ്ങിയവയാണ് റൂസ പദ്ധതിയിൽ നടപ്പാക്കുന്നതെന്ന് മന്ത്രി വിശദീകരിച്ചു.