മൈസൂരു: കുടക്‌ -മൈസൂരു ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന നാഗർഹോളെ ദേശീയോദ്യാനത്തിൽ 2022 ജനുവരി മുതൽ വനംവകുപ്പ് പുതിയ സഫാരി ആരംഭിക്കും. നിലവിൽ നാഗർഹോളെയിലെ വീരനഹൊസഹള്ളി, അന്തർസന്തെ എന്നിവിടങ്ങളിൽ സഫാരിയുണ്ട്. ഇതിനുപുറമെയാണ് നാഗർഹോളെയുടെ ബഫർ സോണിൽ പുതിയ സഫാരി.

പെരിയപട്ടണ, ഹുൻസൂർ, എച്ച്.ഡി. കോട്ട, കുടക് എന്നിവിടങ്ങളിലാണ് ബഫർ സോൺ വരുന്നത്. പുതിയ സഫാരി ആരംഭിക്കുന്നത് സംബന്ധിച്ച് നാഗർഹോളെ അധികൃതർ വനംവകുപ്പ് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർക്ക് പദ്ധതിനിർദേശം സമർപ്പിച്ചിട്ടുണ്ട്. സഫാരി പാത, ആവശ്യമായ വാഹനങ്ങൾ, ജീവനക്കാർ എന്നിവയെക്കുറിച്ച് പദ്ധതിനിർദേശത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് നാഗർഹോളെ ദേശീയോദ്യാനം ഡെപ്യൂട്ടി കൺസർവേറ്റർ മഹേഷ് കുമാർ പറഞ്ഞു.

നിലവിലെ സഫാരിയിലൂടെ നാഗർഹോളെ ദേശീയോദ്യാനത്തിന് പ്രതിവർഷം അഞ്ചുകോടി രൂപ വരുമാനം ലഭിച്ചിരുന്നു. എന്നാൽ, കോവിഡിനെത്തുടർന്ന് വരുമാനത്തിൽ 40 ശതമാനം ഇടിവുണ്ടായി. പുതിയ സഫാരിയിലൂടെ വരുമാനം ഉയരുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.