ന്യൂഡൽഹി: പെഗാസസ് ഫോൺ ചോർത്തൽ സംബന്ധിച്ച് സ്വതന്ത്രമായ അന്വേഷണം ആവശ്യപ്പെടുന്ന ഹർജികളിൽ മറുപടി നൽകാൻ കേന്ദ്രത്തിന് കൂടുതൽ സമയം അനുവദിച്ചുകൊണ്ട് സുപ്രീംകോടതി കേസ് ഈമാസം 13-ലേക്കു മാറ്റി.

പെഗാസസ് ഉപയോഗിച്ചിട്ടുണ്ടോ എന്നത് രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമായതിനാൽ വിദഗ്ധ സമിതിക്കു മുൻപാകെ മാത്രമേ പറയാനാകൂവെന്നാണ് കേന്ദ്രം നേരത്തേ രണ്ടു പേജുള്ള സത്യവാങ്മൂലത്തിൽ അറിയിച്ചത്. എന്നാൽ വിശദമായ സത്യവാങ്മൂലം സമർപ്പിക്കുന്നതിൽ നിലപാടറിയിക്കാൻ സുപ്രീംകോടതി ആവശ്യപ്പെടുകയായിരുന്നു.

ചൊവ്വാഴ്ച കേസെടുത്തപ്പോൾ, പുതിയ സത്യവാങ്മൂലം ഫയൽ ചെയ്യുന്നതു സംബന്ധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി സംസാരിക്കാൻ കഴിഞ്ഞില്ലെന്നും കുറച്ചുകൂടി സമയം അനുവദിക്കണമെന്നും കേന്ദ്രത്തിനുവേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത ആവശ്യപ്പെട്ടു. തുടർന്നാണ് കേസ് തിങ്കളാഴ്ചത്തേക്കു മാറ്റിയത്. പെഗാസസിൽ അന്വേഷണം ആവശ്യപ്പെടുന്ന ഹർജികൾ ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണെന്നാണ് സർക്കാരിന്റെ ആദ്യ സത്യവാങ്മൂലത്തിൽ പറഞ്ഞത്.

പൗരൻമാരെ നിരീക്ഷിക്കാനും ചട്ടം അനുവദിക്കുന്നുണ്ടെന്നും ഏത് സോഫ്റ്റ്‌വേറാണ് ഉപയോഗിക്കുന്നതെന്ന് ഒരു രാജ്യവും വെളിപ്പെടുത്താറില്ലെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു.

മുതിർന്ന മാധ്യമപ്രവർത്തകരായ എൻ. റാം, ശശികുമാർ, രാജ്യസഭാംഗം ജോൺ ബ്രിട്ടാസ്, പെഗാസസ് ചോർത്തലിന് ഇരയായ അഞ്ച്‌ മാധ്യമപ്രവർത്തകർ, എഡിറ്റേഴ്സ് ഗിൽഡ്, മുൻ കേന്ദ്രമന്ത്രി യശ്വന്ത് സിൻഹ, അഡ്വ. എം.എൽ. ശർമ എന്നിവരാണ് കേസിലെ ഹർജിക്കാർ.