ന്യൂഡൽഹി: ഹരിയാണ മുഖ്യമന്ത്രി മനോഹർലാൽ ഖട്ടറിന്റെ മണ്ഡലമായ കർണാലിൽ മിനി സെക്രട്ടേറിയറ്റ് വളയാനെത്തിയ കർഷകരെ കൂട്ടത്തോടെ പോലീസ് അറസ്റ്റുചെയ്തു നീക്കി. കഴിഞ്ഞമാസം 28-ന് കർണാലിലെ സംഘർഷത്തിനിടെ കർഷകരുടെ തല തല്ലിപ്പൊളിക്കാൻ പോലീസിനോട് നിർദേശിച്ച സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് ആയുഷ് സിൻഹയ്ക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് കർഷക പ്രതിഷേധം.

സംയുക്ത കിസാൻ മോർച്ച നേതാക്കളും ജില്ലാഭരണകൂടവും തമ്മിൽ നടത്തിയ ചർച്ച പരാജയപ്പെട്ടതിനാൽ കർണാലിലെ ധാന്യമാർക്കറ്റിൽ തമ്പടിച്ച കർഷകർ മാർച്ചുമായി മുന്നോട്ടു നീങ്ങി. ഉടൻ അറസ്റ്റും ആരംഭിച്ചു. കർഷകനേതാക്കളായ രാകേഷ് ടിക്കായത്തിനെയും യോഗേന്ദ്ര യാദവിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. കൊലയാളിയായ ആയുഷ് സിൻഹയെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടറിനെ പാഠം പഠിപ്പിക്കുമെന്ന് സംയുക്ത കിസാൻ മോർച്ച പ്രസ്താവനയിൽ പറഞ്ഞു.

ആയുഷ് സിൻഹയ്ക്കെതിരേ കൊലക്കുറ്റം ചുമത്തി കേസെടുക്കണമെന്നും ലാത്തിച്ചാർജിൽ മർദനമേറ്റു മരിച്ച കർഷകന്റെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നുമാണ് കിസാൻ മോർച്ചയുടെ ആവശ്യം. കിസാൻ മോർച്ച നേതാക്കളായ രാകേഷ് ടിക്കായത്ത്, ബൽബീർ സിങ് രജേവാൾ, ദർശൻപാൽ, യോഗേന്ദ്ര യാദവ്, ഗുർണാം സിങ് ചാദുനി തുടങ്ങിയ നേതാക്കളുമായിട്ടായിരുന്നു ജില്ലാഭരണകൂടത്തിന്റെ ചർച്ച. ആയുഷ് സിൻഹയെ സ്ഥലം മാറ്റിയത്‌ ചർച്ചയിൽ വിശദീകരിച്ച ജില്ലാഭരണകൂടം കർഷകനേതാക്കളുടെ ആവശ്യം അംഗീകരിച്ചില്ല. തുടർന്ന്, ധാന്യമാർക്കറ്റിൽ രാവിലെ പത്ത്‌ മുതൽ മഹാപഞ്ചായത്തിനായി സംഘടിച്ച കർഷകർ മാർച്ച് ആരംഭിക്കുകയായിരുന്നു.

പത്ത്‌ കമ്പനി കേന്ദ്ര സായുധപോലീസടക്കം 40 കമ്പനി സുരക്ഷാസേനയുടെ കാവലിലാണ് കർണാൽ. ഹരിയാണ പോലീസിന്റെ വൻസന്നാഹവുമുണ്ട്. പ്രദേശത്ത്‌ നിരോധനാജ്ഞ പുറപ്പെടുവിച്ചു. മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങളെല്ലാം റദ്ദാക്കി. റാംഭ, നിസ്സിങ് തുടങ്ങിയ പ്രദേശങ്ങളിൽനിന്നായി വടികളും ഇരുമ്പുദണ്ഡുകളുമൊക്കെയായി ഒരു വിഭാഗം ധാന്യമാർക്കറ്റിൽ എത്തിയിട്ടുണ്ടെന്നും നല്ല ഉദ്ദേശ്യമല്ല അവർക്കുള്ളതെന്നും ഹരിയാണ പോലീസും ജില്ലാഭരണകൂടവും പ്രസ്താവനയിൽ പറഞ്ഞു. സമാധാനപരമായി സംഘടിക്കാനാണ് കർഷകരോട് ആവശ്യപ്പെട്ടിട്ടുള്ളതെന്ന് ഭാരതീയ കിസാൻ യൂണിയൻ (ചാരുണി) നേതാവ് ഗുർണാം സിങ് ചാരുണി വ്യക്തമാക്കി.