ന്യൂഡൽഹി: ഹോക്കിയെ ദേശീയ ഗെയിമായി ഔദ്യോഗികമായി പ്രഖ്യാപിക്കണമെന്നും രാജ്യത്തെ അത്‌ലറ്റിക്സ് സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്നുമുള്ള ഹർജി സുപ്രീംകോടതി തള്ളി. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ നടപ്പാക്കേണ്ട കാര്യങ്ങളല്ല ഇതെന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചിന്റെ നടപടി.

പതിറ്റാണ്ടുകളായി നമ്മൾ ഒളിമ്പിക്സിൽ പങ്കെടുക്കുന്നുണ്ടെങ്കിലും തൃപ്തികരമായ ഫലം ലഭിക്കുന്നില്ലെന്നും കായികമേഖലയിൽ അത്യാധുനിക സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്നും കാട്ടി അഡ്വ. വിശാൽ തിവാരിയാണ് ഹർജി നൽകിയത്. ദേശീയമൃഗമുള്ള രാജ്യത്ത് എന്തുകൊണ്ട് ദേശീയ ഗെയിം ഇല്ലെന്ന് പരാതിക്കാരൻ ചോദിച്ചു. ക്രിക്കറ്റ് ഒഴികെയുള്ള കളികൾ പ്രോത്സാഹിപ്പിക്കാൻ നടപടിവേണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.