ശ്രീനഗർ: ജമ്മുകശ്മീരിൽ വീണ്ടും അശാന്തിപരത്തിക്കൊണ്ട് സാധാരണക്കാർക്കുനേരെ ഭീകരാക്രമണങ്ങൾ തുടരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഭീകരരുടെ വെടിവെപ്പിൽ ജീവൻ നഷ്ടമായത് ഏഴു സാധാരണക്കാർക്കാണ്. ഇതിൽ ആറുപേർ കശ്മീർ സ്വദേശികളാണ്. ഏറ്റവുമൊടുവിൽ വ്യാഴാഴ്ച കശ്മീർ ഈദ്ഗാഹിലെ ഗവ. ബോയ്സ് ഹയർസെക്കൻഡറി സ്കൂളിലെ പ്രിൻസിപ്പലിനെയും അധ്യാപകനെയും ഭീകരർ തോക്കിനിരയാക്കി.

ശനിയാഴ്ച കരൺ നഗറിലുണ്ടായ വെടിവെപ്പിൽ ചട്ടബൽ ശ്രീനഗർ നിവാസിയായ മാജിദ് അഹമ്മദ് ഗോജ്രി കൊല്ലപ്പെട്ടു. അതേദിവസം രാത്രിനടന്ന മറ്റൊരു ആക്രമണത്തിൽ ബറ്റമാലു സ്വദേശി മുഹമ്മദ് ഷാഫി ദാർ മരണത്തിന് കീഴടങ്ങി.

ചൊവ്വാഴ്ച മൂന്നുമണിക്കൂറിനുള്ളിൽ ശ്രീനഗറിൽനടന്ന വ്യത്യസ്ത ആക്രമണത്തിൽ പണ്ഡിറ്റുമാരിലെ പ്രമുഖനായ ഒൗഷധവ്യാപാരി മഖാൻ ലാൽ ബിന്ദ്രു, തെരുവോര ഭക്ഷണവിതരണക്കാരൻ വീരേന്ദർ പാസ്വാൻ, ടാക്സിഡ്രൈവർ മുഹമ്മദ് ഷാഫി ലോൺ എന്നിവർ കൊല്ലപ്പെട്ടു. ബിഹാർ സ്വദേശിയാണ് വീരേന്ദർ പാസ്വാൻ. ബന്ദിപോരയിൽനടന്ന ഭീകരാക്രമണത്തിലാണ് മുഹമ്മദ് ഷാഫി ലോൺ മരിച്ചത്.

ആക്രമണങ്ങൾ ഭീതിപരത്താൻ -ഡി.ജി.പി.

:കശ്മീരിലെ സാധാരണക്കാരെയും ന്യൂനപക്ഷങ്ങളെയും ലക്ഷ്യമിട്ടു നടക്കുന്ന ഭീകരാക്രമണങ്ങൾ പ്രദേശത്ത് ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കാനും സാമുദായിക സൗഹാർദം തകർക്കാനും ലക്ഷ്യമിട്ടുകൊണ്ടുള്ളതാണെന്ന് ജമ്മു കശ്മീർ പോലീസ് മേധാവി ദിൽബാഗ് സിങ് പറഞ്ഞു.

‘‘കശ്മീരിൽ സാധാരണക്കാരെ ലക്ഷ്യമിട്ട അനിഷ്ടസംഭവങ്ങൾ തുടരുന്നു. നിരപരാധികളെയാണ് ഇവർ ലക്ഷ്യമിടുന്നത്. ഇത് ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും വർഗീയത ഉണ്ടാക്കുന്നതിനുമുള്ള ശ്രമമാണ്.’’ -അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

കശ്മീരിലെ മുസ്‍ലിം സമുദായത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണിതെന്നും താഴ്വരയിലെ സമാധാനത്തിന് തടസ്സം സൃഷ്ടിക്കാൻ ഭീകരർ പാകിസ്താന്റെ നിർദേശപ്രകാരം പ്രവർത്തിക്കുകയാണെന്നും പോലീസ് മേധാവി കുറ്റപ്പെടുത്തി.

കശ്മീരിലെ സാമുദായിക സൗഹാർദം, സാഹോദര്യം എന്നിവ തകർക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ഇത്തരം സംഭവങ്ങളെന്ന് ജമ്മുകശ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ പറഞ്ഞു.