ന്യൂഡൽഹി: കോവിഡിന്റെ രണ്ടാംതരംഗം അവസാനിച്ചിട്ടില്ലെന്നും അതിനാൽ ഉത്സവങ്ങളിലുംമറ്റും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകി.

ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ കരുതലെടുക്കണം. രാജ്യത്ത് ഇപ്പോഴും പ്രതിദിനം ഇരുപതിനായിരത്തോളം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നു. കോവിഡിനെ നിസ്സാരവത്കരിക്കരുത്. ശ്രദ്ധിച്ചില്ലെങ്കിൽ സ്ഥിതി വീണ്ടും രൂക്ഷമാകുമെന്ന് ആരോഗ്യമന്ത്രാലയം ജോയന്റ് സെക്രട്ടറി ലവ് അഗർവാൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കഴിഞ്ഞയാഴ്ച രാജ്യത്തെ ആകെ കോവിഡ് കേസുകളുടെ 50 ശതമാനവും കേരളത്തിലാണ്. മിസോറം, കേരളം, സിക്കിം, മണിപ്പൂർ, മേഘാലയ എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ പ്രതിവാര രോഗസ്ഥിരീകരണനിരക്ക് അഞ്ച് ശതമാനത്തിലധികമാണ്. രാജ്യത്തെ 34 ജില്ലകളിൽ പ്രതിവാര പോസിറ്റിവിറ്റിനിരക്ക് 10 ശതമാനത്തിൽ കൂടുതലാണ്.

പ്രധാന മാർഗനിർദേശങ്ങൾ

*തിരക്കേറിയ സ്ഥലങ്ങളും അനാവശ്യയാത്രകളും ഒഴിവാക്കുക.

*ആഘോഷങ്ങൾ കഴിവതും വീട്ടിൽത്തന്നെയാക്കുക.

* ഓൺലൈൻ ഷോപ്പിങ് രീതി പിന്തുടരുക