: ലഖിംപുർ ഖേരി സംഭവത്തിൽ കടുത്ത വിമർശനമുന്നയിച്ച എം.പി. വരുൺഗാന്ധി, മുൻ കേന്ദ്രമന്ത്രിയും എം.പി.യുമായ മേനകാ ഗാന്ധി, മുൻമന്ത്രി ബിരേന്ദ്ര സിങ് എന്നിവരെ ഒഴിവാക്കി ബി.ജെ.പി. എൺപതംഗ ദേശീയ നിർവാഹകസമിതിയെ തിരഞ്ഞെടുത്തു.

മറ്റുപാർട്ടികളിൽനിന്നെത്തിയ ജ്യോതിരാദിത്യസിന്ധ്യ, ദിനേഷ് ത്രിവേദി, ബ്രജേഷ് പഠക്, മിഥുൻ ചക്രവർത്തി എന്നിവർ സമിതിയിൽ ഇടംനേടി. മുതിർന്ന നേതാക്കളായ എൽ.കെ. അദ്വാനി, ഡോ. മുരളീ മനോഹർ ജോഷി എന്നിവരും കേരളത്തിൽനിന്ന് കേന്ദ്രമന്ത്രി വി. മുരളീധരനും കുമ്മനം രാജശേഖരനും സമിതിയിൽ തുടരും. മുതിർന്ന നേതാവ് ഒ. രാജഗോപാൽ, ശോഭാ സുരേന്ദ്രൻ, അൽഫോൺസ് കണ്ണന്താനം എന്നിവരെ ഒഴിവാക്കി. ഇ. ശ്രീധരനും പി.കെ. കൃഷ്ണദാസും പ്രത്യേക ക്ഷണിതാക്കളായി. കൃഷ്ണദാസ് നിലവിൽ സമിതി അംഗവും തെലങ്കാനയുടെ പ്രഭാരിയുമായിരുന്നു. ദേശീയ ഉപാധ്യക്ഷൻ എന്നനിലയിൽ എ.പി. അബ്ദുള്ളക്കുട്ടിയും ദേശീയ സെക്രട്ടറി എന്ന നിലയിൽ അരവിന്ദ് മേനോനും സമിതിയിലുണ്ട്. സംസ്ഥാന അധ്യക്ഷൻ എന്ന നിലയിൽ കെ. സുരേന്ദ്രൻ അംഗമാണ്. ലക്ഷദ്വീപിൽനിന്ന് കോയമ്മ കോയ പ്രത്യേക ക്ഷണിതാവാണ്.

ഉത്തർപ്രദേശ് അടക്കമുള്ള അഞ്ചുസംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് മുന്നിൽനിൽക്കെയാണ് അഴിച്ചുപണി. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള സമിതിയിൽ മുൻ അധ്യക്ഷൻമാരായ രാജ്‌നാഥ് സിങ്, അമിത് ഷാ, ദേശീയ ഭാരവാഹികൾ, കേന്ദ്രമന്ത്രിമാർ, മുഖ്യമന്ത്രിമാർ, സംസ്ഥാന അധ്യക്ഷന്മാർ, സംസ്ഥാന ജനറൽ സെക്രട്ടറിമാർ, ദേശീയ വക്താക്കൾ തുടങ്ങിയവരുണ്ട്. മുൻ കേന്ദ്രമന്ത്രിമാരായ പ്രകാശ് ജാവഡേക്കർ, രവിശങ്കർ പ്രസാദ് എന്നിവരെയും നിലനിർത്തി. 50 പ്രത്യേക ക്ഷണിതാക്കളും 179 സ്ഥിരം ക്ഷണിതാക്കളുമാണ് സമിതിയിലുള്ളത്. ടോം വടക്കൻ ഉൾപ്പെടെ 26 ദേശീയവക്താക്കൾ സ്ഥിരം ക്ഷണിതാക്കളായിരിക്കും.

ലഖിംപുർ ഖേരി സംഭവത്തിൽ പാർട്ടിയെ വെട്ടിലാക്കി കടുത്ത വിമർശനവുമായി രംഗത്തുവന്നതാണ് വരുൺ ഗാന്ധിയെ ഒഴിവാക്കാൻ കാരണമായതെന്നാണ് സൂചന. വരുൺ ഗാന്ധി പ്രതിനിധാനംചെയ്യുന്ന പീലീഭിത്ത് മണ്ഡലം ലഖിംപുർ ഖേരിക്ക് തൊട്ടടുത്താണ്. ഹരിയാണയിൽ കർഷകസമരത്തിൽ പങ്കെടുത്ത് പാർട്ടിനേതൃത്വത്തെ ചൊടിപ്പിച്ചയാളാണ് മുൻമന്ത്രി ചൗധരി ബിരേന്ദ്രസിങ്.