ചെന്നൈ: വിജയ് നായകനായ ‘സർക്കാർ’ സിനിമയിലേതുപോലെ കള്ളവോട്ട് ചോദ്യംചെയ്ത് സമ്മതിദാനാവകാശം വിനിയോഗിച്ച് യുവതി. തദ്ദേശതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിനിടെ കാഞ്ചീപുരം ജില്ലയിലാണ് സംഭവം.

വിവാഹശേഷം അയൽപ്രദേശമായ ഉത്തിരമേരൂരിലേക്ക് താമസംമാറ്റിയ സിങ്കാടിവാക്കം സ്വദേശി പാർവതിയാണ് 1961-ലെ തിരഞ്ഞെടുപ്പ് നടത്തിപ്പ് ചട്ടം സെക്‌ഷൻ 49-പി പ്രകാരം വോട്ടുചെയ്തത്.

വിവാഹത്തിനുശേഷം പാർവതി (30) ജന്മനാട്ടിലെ വോട്ട് മാറ്റിയിരുന്നില്ല. തദ്ദേശതിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ സിങ്കാടിവാക്കത്തെ പോളിങ് ബൂത്തിലെത്തിയപ്പോൾ മറ്റൊരാൾ വോട്ടുചെയ്തുവെന്നാണ് മറുപടിലഭിച്ചത്. തിരിച്ചറിയൽ രേഖ കാണിച്ച പാർവതി കള്ളവോട്ട് സമ്മതിക്കില്ലെന്ന് പ്രിസൈഡിങ് ഓഫീസറോട് പറഞ്ഞു. പരാതിയും നൽകി. ഇതേത്തുടർന്ന് റവന്യൂവകുപ്പ് അധികൃതർ സ്ഥലത്തെത്തി ചർച്ചനടത്തി. തുടർന്ന് ‘സർക്കാർ’ സിനിമയിലേതുപോലെ സെക്‌ഷൻ 49-പി പ്രകാരം പാർവതിയെ പ്രത്യേക ബാലറ്റ് പേപ്പർ നൽകി വോട്ടുചെയ്യാൻ അനുവദിക്കുകയായിരുന്നു.

കള്ളവോട്ടുമൂലം വോട്ടുചെയ്യാൻ കഴിയാതെവരുമ്പോൾ പരാതിനൽകിയാൽ വോട്ടുചെയ്യാൻ അനുവദിക്കുന്ന നിയമമാണ് സെക്ഷൻ 49-പി. എ.ആർ. മുരുഗദോസിന്റെ സംവിധാനത്തിൽ 2018-ൽ പുറത്തിറങ്ങിയ ‘സർക്കാർ’ സിനിമയുടെ പ്രമേയം ഈ വിഷയമായിരുന്നു. സിനിമയ്ക്കുപിന്നാലെ ഈ വകുപ്പ് ആളുകൾക്കിടയിൽ വലിയ ചർച്ചയായിരുന്നു.