ബെംഗളൂരു: കോവിഡ് രണ്ടാംതരംഗത്തിൽ കർണാടകത്തിൽ ഐ.സി.യു. കിടക്കകളുടെ ക്ഷാമം രൂക്ഷമാകുന്നു. ആദ്യമൊക്കെ ബെംഗളൂരുവിലായിരുന്നു ഐ.സി.യു. കിടക്കകൾ ലഭ്യമല്ലാതിരുന്നത്. ഇപ്പോൾ സംസ്ഥാനത്തെ മറ്റു പല ജില്ലകളുടെയും സ്ഥിതി ഇതുതന്നെയാണ്. നിലവിൽ ആറു ജില്ലകളിൽ ഐ.സി.യു. കിടക്കകൾ ലഭ്യമല്ലെന്നാണ് വിവരം. മറ്റു പല ജില്ലകളിലും വരുംദിവസങ്ങളിൽ കിടക്കകൾ ലഭ്യമല്ലാതാകും. സംസ്ഥാനത്ത് കൂടുതൽ ഐ.സി.യു. കിടക്കകൾ സജ്ജമാക്കിയില്ലെങ്കിൽ വരുംദിവസങ്ങളിൽ വലിയ പ്രതിസന്ധിയുണ്ടാകുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

മൈസൂരു, ധാർവാഡ്, മാണ്ഡ്യ, ഹാസൻ, തുമകൂരു എന്നിവയാണ് ഐ.സി.യു. കിടക്കകൾ ഒഴിവില്ലാത്ത മറ്റു ജില്ലകൾ. ഉത്തരകന്നഡ, ബല്ലാരി ജില്ലകളിൽ ഏതാനും കിടക്കകൾ മാത്രമേ ഒഴിവുള്ളൂ. വരുംദിവസങ്ങളിൽ സംസ്ഥാനത്തെ മറ്റുജില്ലകളിലും ഐ.സി.യു. കിടക്കകളുടെ വൻക്ഷാമം അനുഭവപ്പെടുമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. ചിക്കബെല്ലാപുര, ചാമരാജനഗർ, ഉഡുപ്പി, ബല്ലാരി, മാണ്ഡ്യ, തുമകൂരു എന്നിവിടങ്ങളിൽ ഓക്സിജൻ കിടക്കകളുടെ ക്ഷാമവുമുണ്ട്. ഐ.സി.യു. കിടക്കകളുടെ ക്ഷാമം രൂക്ഷമായിട്ടുള്ള ഏഴുജില്ലകളെ കണ്ടെത്തിയിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് അധികൃതരെ വിവരം അറിയിച്ചിട്ടുണ്ടെന്നും ക്രിട്ടിക്കൽ കെയർ സപ്പോർട്ട് യൂണിറ്റ് (സി.സി.എസ്.യു.) ഉദ്യോഗസ്ഥർ പറഞ്ഞു.

അഞ്ചുജില്ലകളിൽ 20 മുതൽ 100 വരെ വെന്റിലേറ്ററുകൾ ആവശ്യമായുണ്ട്. ബല്ലാരി ട്രോമാകെയർ സെന്ററിൽ 20 വെന്റിലേറ്ററുകളും ബല്ലാരി ജില്ലാ ആശുപത്രിയിൽ 25 വെന്റിലേറ്ററുകളും ഹുബ്ബള്ളി കിംസിൽ 70 വെന്റിലേറ്ററുകളും ഹാസനിൽ പത്ത് വെന്റിലേറ്ററുകളും മാണ്ഡ്യയിൽ 100 വെന്റിലേറ്ററുകളും അധികമായി ആവശ്യമുണ്ട്. രണ്ടാംതരംഗത്തിന്റെ ആദ്യനാളുകളിൽ ബെംഗളൂരുവിൽ മാത്രമായിരുന്നു ഐ.സി.യു. കിടക്കകൾക്ക് ക്ഷാമമുണ്ടായിരുന്നത്. ഇതേത്തുടർന്ന് ബെംഗളൂരുവിലെ രോഗികൾ പലരും ചികിത്സതേടി മറ്റുജില്ലകളിലേക്ക് പോയിരുന്നു. എന്നാൽ, മറ്റുജില്ലകളിലും രോഗികൾ കൂടിയതോടെ ഇവിടെയും കിടക്കകൾ ലഭ്യമല്ലാതായിരിക്കുകയാണ്. സംസ്ഥാനത്ത് ആകെ ഇപ്പോൾ രണ്ടായിരത്തിലേറെ രോഗികളാണ് തീവ്രപരിചരണ വിഭാഗത്തിലുള്ളത്. ഇതിൽ കൂടുതലും ബെംഗളൂരുവിലാണ്.