ബെംഗളൂരു: കർണാടകത്തിനുള്ള ഓക്സിജൻവിഹിതം 1200 മെട്രിക് ടൺ ആക്കണമെന്ന കർണാടക ഹൈക്കോടതി നിർദേശത്തിനെതിരേ സുപ്രീംകോടതിയെ സമീപിച്ച കേന്ദ്രസർക്കാരിന് തിരിച്ചടി. നിർദേശത്തിൽ ഇടപെടാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി, ഹൈക്കോടതിയെ പൂർണമായും ന്യായീകരിച്ചു. കർണാടകത്തിലെ ജനങ്ങളെ അപകടത്തിലേക്ക് തള്ളിവിടാൻ കഴിയില്ലെന്നും ഹൈക്കോടതി സൂക്ഷ്മമായി നിരീക്ഷിച്ചതിന് ശേഷമാണ് നിർദേശം പുറപ്പെടുവിച്ചതെന്നും ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് എം.ആർ. ഷാ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.

അതേസമയം മറ്റ് ഹൈക്കോടതികളും സമാനമായ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ടെന്നും ഓക്സിജന്റെ വിതരണം ഇതോടെ താറുമാറാകുമെന്നും കേന്ദ്രത്തിനുവേണ്ടി സോളിസിറ്റർ ജനറൽ തുഷാർമേത്ത കോടതിയെ അറിയിച്ചു. കർണാടകയിൽ കോവിഡ് രോഗവ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ കോടതിക്ക് കണ്ണുംപൂട്ടി നിൽക്കാൻ കഴിയില്ലെന്നും ന്യായാധിപരും മനുഷ്യരാണെന്നുമായിരുന്നു ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ പ്രതികരണം. തുടർന്ന് കർണാടക സർക്കാരുമായി ബന്ധപ്പെട്ട് ഓക്സിജൻ ലഭ്യമാക്കാനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് തുഷാർ മേത്ത കോടതിയെ അറിയിച്ചു.

ബുധനാഴ്ചയാണ് സംസ്ഥാനത്തിന്റെ ഓക്സിജൻവിഹിതം പ്രതിദിനം 1200 മെട്രിക് ടൺ ആക്കണമെന്ന് കർണാടക ഹൈക്കോടതി കേന്ദ്രത്തോട് നിർദേശിച്ചത്. ഓക്സിജൻ കിട്ടാതെ രോഗികൾ മരിക്കുന്ന സാഹചര്യത്തിൽ അടിയന്തരനടപടികൾ സ്വീകരിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞദിവസം അനുവദിച്ച 100 മെട്രിക് ടൺ അടക്കം 965 മെട്രിക് ടൺ ഓക്സിജനാണ് കേന്ദ്രപൂളിൽനിന്ന് പ്രതിദിനം സംസ്ഥാനത്തിന് ലഭിക്കുന്നത്. എന്നാൽ 1792 മെട്രിക് ടൺ ഓക്സിജനെങ്കിലും സംസ്ഥാനത്തിന് ആവശ്യമുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്.

അതേസമയം, സംസ്ഥാനത്തെ ആശുപത്രികളിൽ ഓക്സിജൻ ക്ഷാമം അതിരൂക്ഷമാകുകയാണ്. വ്യാഴാഴ്ച ബെംഗളൂരുവിലെ കെ.സി. ജനറൽ ആശുപത്രിയിൽ ഓക്സിജൻക്ഷാമം അനുഭവപ്പെട്ടത് പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. ഉപമുഖ്യമന്ത്രി അശ്വത് നാരായണന്റെ ഇടപെടലിനെത്തുടർന്നാണ് അടിയന്തരമായി ഓക്സിജൻ എത്തിച്ച് അപകടമൊഴിവാക്കിയത്. 200-ഓളം കോവിഡ് രോഗികളാണ് ആശുപത്രിയിലുണ്ടായിരുന്നത്.