പുതുച്ചേരി: കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിൽ മുഖ്യമന്ത്രിയായി എൻ.ആർ. കോൺഗ്രസ് നേതാവ് എൻ. രംഗസ്വാമി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. രാജ്‌നിവാസിൽനടന്ന ലളിതമായ ചടങ്ങിൽ ലെഫ്.ഗവർണർ തമിഴിസൈ സൗന്ദർരാജൻ സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിൽ തമിഴിലായിരുന്നു സത്യപ്രതിജ്ഞ.

മന്ത്രിമാരുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല. ഉപമുഖ്യമന്ത്രിസ്ഥാനവും രണ്ട് മന്ത്രിസ്ഥാനവും ബി.ജെ.പി. ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിൽ തീരുമാനമായിട്ടില്ല. കേന്ദ്രഭരണ പ്രദേശത്ത് ഉപമുഖ്യമന്ത്രി പദവി സൃഷ്ടിക്കുന്നതിൽ ഭരണഘടനാ തടസ്സമുണ്ടോയെന്നതിൽ ചർച്ചകൾ നടക്കുകയാണ്.

നാലാംതവണയാണ് രംഗസ്വാമി മുഖ്യമന്ത്രിയാകുന്നത്. 2001-ലും 2006-ലും രംഗസ്വാമി മുഖ്യമന്ത്രിയായി. 2008-ൽ മന്ത്രിസഭാംഗങ്ങളുമായുളള ഭിന്നതയെത്തുടർന്ന് രാജിവെച്ചു. 2011-ൽ എൻ.ആർ. കോൺഗ്രസ് രൂപവത്കരിച്ചു. 2011-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എ.ഐ.എ.ഡി.എം.കെ.യുമായി സഖ്യമുണ്ടാക്കി വിജയിച്ചു. 2011-ൽ വീണ്ടും മുഖ്യമന്ത്രിയായി. 2016-ൽ അധികാരം നഷ്ടമായി.

എൻ.ഡി.എ. സഖ്യത്തിൽ എൻ.ആർ. കോൺഗ്രസിന് 10 സീറ്റും ബി.ജെ.പി.ക്ക്‌. ആറുസീറ്റുമാണുള്ളത്. എ.ഐ.എ.ഡി.എം.കെ.ക്ക്‌ സീറ്റില്ല. ജനാധിപത്യ പുരോഗമന സഖ്യത്തിൽ കോൺഗ്രസ് രണ്ട് സീറ്റും ഡി.എം.കെ. ആറു സീറ്റുമാണ് നേടിയത്. ആറു സ്വതന്ത്രരും വിജയിച്ചിട്ടുണ്ട്.