മുംബൈ: ബോളിവുഡിലെ നവതരംഗ സിനിമകളിലെയും ടെലിവിഷനിലെ പരസ്യചിത്രങ്ങളിലെയും സ്ഥിര സാന്നിധ്യമായിരുന്ന വിഖ്യാത സംഗീതസംവിധായകൻ വൻരാജ് ഭാട്ടിയ (93) അന്തരിച്ചു. വെള്ളിയാഴ്ച മുംബൈയിലായിരുന്നു അന്ത്യം.

ബോംബൈയിലെ കച്ചി കുടുംബത്തിൽ ജനിച്ച് ലണ്ടനിലെ റോയൽ അക്കാദമി ഓഫ് മ്യൂസിക്കിലും പാരീസിലും സംഗീതം പഠിച്ച വൻരാജ് ഭാട്ടിയയാണ് ഇന്ത്യയിൽ ആദ്യമായി പരസ്യ ചിത്രത്തിന് സംഗീതം നൽകിയത്. ടെലിവിഷനിലെ പരസ്യങ്ങൾക്കായി 7000-ത്തിലേറെ ജിംഗിളുകൾ സൃഷ്ടിച്ച ഭാട്ടിയ 1974-ൽ ശ്യാംബെനഗലിന്റെ ആദ്യചിത്രമായ അങ്കുറിലൂടെ ചലച്ചിത്ര സംഗീതരംഗത്തേക്ക് പ്രവേശിച്ചു. എഴുപതുകളിലും എൺപതുകളിലും രാജ്യത്തെ സമാന്തര, മധ്യവർത്തി ചലച്ചിത്രകാരൻമാരുടെ ഏറ്റവും പ്രിയപ്പെട്ട സംഗീതജ്ഞനായി അദ്ദേഹം മാറി. ബെനഗലിന്റെ പ്രശസ്ത ചിത്രങ്ങൾക്കെല്ലാം സംഗീതം നൽകിയ അദ്ദേഹം ഗോവിന്ദ് നിഹലാനി (തമസ്), കുന്ദൻഷാ (ജാനേ ഭീ ദോ യാരോ), അപർണാസെൻ (36 ചൗരംഗി ലെയ്ൻ), കുമാർ സഹാനി (തരംഗ്), വിധു വിനോദ് ചോപ്ര (ഖാമോഷ്), പ്രകാശ് ഝാ (ഹിപ് ഹിപ് ഹുറേ) തുടങ്ങിയ സംവിധായകരുടെ സൃഷ്ടികൾക്കും സംഗീതസംവിധാനം നിർവഹിച്ചു. രാജ്കുമാർ സന്തോഷിയുടെ ഹല്ലാ ബോൽ (2008) ആണ് അവസാന ചിത്രം.

എൺപതുകളിൽ ദുരദർശനിൽ സംപ്രേഷണംചെയ്ത ഒട്ടേറെ പരമ്പരകൾക്കും ഡോക്യുമെന്ററികൾക്കും സംഗീതം നൽകിയത് ഭാട്ടിയയാണ്. ടെലിവിഷൻ പരമ്പരയ്ക്ക് സംഗീതം നൽകി ദേശീയ ചലച്ചിത്രപുരസ്കാരം നേടുകയെന്ന അപൂർവ നേട്ടത്തിന് ‘തമസി’ലൂടെ 1988-ൽ അദ്ദേഹം അർഹനായി. ഒട്ടേറെ നാടകങ്ങൾക്കും സംഗീതസംവിധാനം നിർവഹിച്ച ഭാട്ടിയയ്ക്ക് സംഗീതനാടക അക്കാദമി അവാർഡും പത്മശ്രീ ബഹുമതിയും ലഭിച്ചിട്ടുണ്ട്.