: കോവിഡ് നേരിടുന്നതിൽ മോദി സർക്കാർ പരാജയപ്പെട്ടെന്നും സാഹചര്യം ചർച്ചചെയ്യാൻ അടിയന്തരമായി സർവകക്ഷിയോഗം വിളിക്കണമെന്നും കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധി. വെള്ളിയാഴ്ച നടന്ന കോൺഗ്രസ് പാർലമെന്ററി പാർട്ടിയുടെ ഓൺലൈൻ യോഗത്തിലാണ് പ്രതികരണം.

ജനങ്ങളോട് ഒരു സഹതാപവുമില്ലാത്ത രാഷ്ട്രീയനേതൃത്വത്തിന്റെ കീഴിൽ രാജ്യം ഞെരിയുകയാണ്. രാജ്യത്തിന്റെ സംവിധാനങ്ങൾ പരാജയപ്പെട്ടിട്ടില്ല. എന്നാൽ, കോവിഡിനെ നേരിടുന്നതിൽ രാജ്യത്തിന്റെ ശക്തിയും വിഭവങ്ങളും ക്രിയാത്മകമായ രീതിയിൽ നയിക്കാനും സംഭരിക്കാനും സർക്കാരിന് സാധിച്ചിട്ടില്ല.

സർക്കാരും ജനങ്ങളും തമ്മിലുള്ള യുദ്ധമായി കോവിഡിനെതിരേയുള്ള പ്രതിരോധങ്ങളെ മാറ്റരുത്. കോവിഡുമായുള്ള ജനങ്ങളുടെ പോരാട്ടമായാണ് കൈകാര്യം ചെയ്യേണ്ടത്. രാജ്യം ഒറ്റക്കെട്ടായാണ് പോരാടേണ്ടത്. ഇതിനായി സർക്കാർ അടിയന്തരമായി സർവകക്ഷിയോഗം വിളിക്കണം. പ്രതിസന്ധി മറികടക്കാൻ സമർഥവും ദീർഘവീക്ഷണമുള്ളതുമായ നേതൃത്വം അനിവാര്യമാണ്. മോദി സർക്കാരിന്റെ അലംഭാവവും കാര്യശേഷിക്കുറവും രാജ്യത്തെ മുക്കുകയാണ്.

ജനങ്ങളോടുള്ള പ്രാഥമിക ഉത്തരവാദിത്വവും ചുമതലകളും സർക്കാർ മറന്നു. ആയിരക്കണക്കിന് ആളുകൾ മരിച്ചു. ലക്ഷങ്ങൾ ഓക്സിജൻ ഉൾപ്പെടെ ജീവൻരക്ഷാ സംവിധാനങ്ങൾക്കായി കേഴുന്നു. ആശുപത്രികളിലും റോഡിലും വാഹനങ്ങളിലും ഒരു വൈദ്യസഹായവും ലഭിക്കാതെ ജനം മരിച്ചുവീഴുന്ന കാഴ്ച ഹൃദയഭേദകമാണ്.

മോദി സർക്കാരിന്റെ വാക്സിനേഷൻ പദ്ധതി വിവേചനപരമാണെന്നും സോണിയ ആരോപിച്ചു. ദളിതർ, ആദിവാസികൾ, പിന്നാക്ക വിഭാഗക്കാർ, പാവപ്പെട്ടവർ തുടങ്ങിയവർ വാക്സിനേഷന് പുറത്താകുന്ന സാഹചര്യമാണ്. വാക്സിൻ, ഓക്സിജൻ എന്നിവയുടെ വിതരണശൃംഖല ശക്തിപ്പെടുത്താനുള്ള വിദഗ്‌ധോപദേശം സ്വീകരിക്കാൻ സർക്കാർ തയ്യാറാകുന്നില്ല. യഥാസമയം വാക്സിൻ ലഭ്യത ഉറപ്പ് വരുത്തുന്നതിൽ സർക്കാർ പരാജയപ്പെട്ടു. അതേസമയം, അടിയന്തരാവശ്യമില്ലാത്ത പദ്ധതികളിൽ ആയിരക്കണക്കിന് കോടി രൂപ ചെലവിടുകയുമാണ്. സത്യം പറയുന്നതിൽനിന്ന് മാധ്യമങ്ങളെയും സാമൂഹിക മാധ്യമങ്ങളെയും അധികാരമുപയോഗിച്ച് തടയാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും സോണിയ കുറ്റപ്പെടുത്തി.