ന്യൂഡൽഹി: കോവിൻ സൈറ്റ് വഴി വാക്സിനേഷന് രജിസ്റ്റർ ചെയ്യുന്നവർക്ക് ഇനിമുതൽ നാലക്ക ഒ.ടി.പി. കോഡും ലഭിക്കും. കുത്തിവെപ്പിന് സ്ലോട്ടിനായി ഓൺലൈൻവഴി അപേക്ഷിച്ചവർക്ക് ശനിയാഴ്ചമുതൽ പുതിയ സംവിധാനം ബാധകമാകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

വാക്സിനേഷൻ സെന്ററിലെത്തി ഈ കോഡ് നൽകിയാലേ വാക്സിൻ ലഭിക്കൂ. സ്ലിപ്പിലും ഡിജിറ്റൽ സർട്ടിഫിക്കറ്റിലും ഈ കോഡ് രേഖപ്പെടുത്തും. സ്ലോട്ട് റദ്ദായവർക്ക് ഉൾപ്പെടെ വാക്സിൻ സ്വീകരിച്ചെന്ന തെറ്റായ സന്ദേശം ലഭിക്കുന്നതുപോലുള്ള പിഴവുകൾ പരിഹരിക്കാനാണ് പുതിയ സംവിധാനമെന്ന് ആരോഗ്യമന്ത്രാലയം പറഞ്ഞു. വാക്സിനെടുക്കാനെത്തുന്നവർ അപ്പോയിന്റ്മെന്റ് സ്ലിപ്പിന്റെ പകർപ്പോ രജിസ്ട്രേഷൻ നടത്തിയ മൊബൈൽ ഫോണോ കൈവശംവെക്കണം.