ചെന്നൈ: മദ്യമാണെന്നുകരുതി കടലിൽനിന്ന് കിട്ടിയ കന്നാസിലെ പാനീയം കുടിച്ച മൂന്ന്‌ മത്സ്യത്തൊഴിലാളികൾ മരിച്ചു. നാഗപട്ടണം ജില്ലയിലെ വേദാരണ്യത്തിനടുത്ത് കോടിയക്കരയിൽനിന്ന് കടലിൽപ്പോയ ആറംഗ മത്സ്യത്തൊഴിലാളി സംഘത്തിലുണ്ടായിരുന്ന അന്തോണി സാമി (38), ആരോക്യ പുരോഹിത് (50), വിനോദ് (26) എന്നിവരാണ് മരിച്ചത്.

ഉൾക്കടലിൽ മത്സ്യബന്ധനത്തിനിടെ ശനിയാഴ്ചയാണ് കടൽവെള്ളത്തിൽ ഒഴുകിനടന്നിരുന്ന കന്നാസ് തൊഴിലാളി സംഘത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്. കന്നാസ് തുറന്നപ്പോൾ കണ്ട പാനീയം മദ്യമാണെന്ന് കരുതി മൂവരും കുടിക്കുകയായിരുന്നു. പിന്നാലെ ഇവർ കുഴഞ്ഞുവീണു. ഇതോടെ മറ്റുള്ളവർ ഇവരെയുംകൊണ്ട് ബോട്ടുമായി കരയിലേക്ക് തിരിച്ചു.

ഞായറാഴ്ച രാവിലെ നാഗപട്ടണം തീരത്തെത്തിച്ച മൂവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും അന്തോണി സാമിയും ആരോക്യ പുരോഹിതും മരിച്ചു. നാഗപട്ടണം ജനറൽ ആശുപത്രിയിൽ തീവ്ര പരിചരണവിഭാഗത്തിൽ ചികിത്സിയിലിരുന്ന വിനോദും ഉച്ചയോടെ മരിച്ചു. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി മാറ്റി. ഫിഷറീസ് വകുപ്പും പോലീസും അന്വേഷണമാരംഭിച്ചിട്ടുണ്ട്.