അഹമ്മദാബാദ്: രണ്ടരവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ കേസിൽ ഇതരസംസ്ഥാന തൊഴിലാളിക്ക് സൂറത്തിലെ പോക്സോ കോടതി വധശിക്ഷ വിധിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ കുറ്റപത്രം സമർപ്പിച്ച കേസിൽ ഒരുമാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കിയാണ് കോടതി വിധിപറഞ്ഞത്.

ബിഹാറിൽനിന്നുള്ള ഫാക്ടറിതൊഴിലാളിയായ ഗുഡ്ഡു യാദവി(35)നെയാണ് കുറ്റം അപൂർവങ്ങളിൽ അപൂർവമെന്ന് കണ്ടെത്തി മരണശിക്ഷയ്ക്ക് വിധിച്ചത്. ഇരയായ പെൺകുട്ടിയും ബിഹാറിൽനിന്നുള്ള തൊഴിലാളിദമ്പതിമാരുടെ മകളാണ്. പാണ്ഡേസരയിൽ നവംബർ നാലിന് രാത്രിയാണ് സംഭവം. പെൺകുഞ്ഞിനെ ഗുഡ്ഡു യാദവ് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചശേഷം കഴുത്തുഞെരിച്ചുകൊന്ന് കുറ്റിക്കാട്ടിൽ തള്ളി. പീഡനത്തെത്തുടർന്ന് കുട്ടിയുടെ ആന്തരാവയവങ്ങൾ പുറത്തുവന്ന നിലയിലായിരുന്നു. സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ച പോലീസ്, നവംബർ എട്ടിനു പ്രതിയെ അറസ്റ്റുചെയ്തു. 43 സാക്ഷികളെ കോടതിയിൽ വിസ്തരിച്ചു. ഗുഡ്ഡു ഭാര്യയ്ക്കും രണ്ടുമക്കൾക്കും ഒപ്പമാണ് സൂറത്തിൽ താമസിച്ചിരുന്നത്. മരിച്ച കുഞ്ഞിന്റെ അച്ഛനമ്മമാർക്ക് സർക്കാർ 20 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടു.