ന്യൂഡൽഹി: ഭീമ കൊറെഗാവ് കേസിൽ സാമൂഹികപ്രവർത്തകയും അഭിഭാഷകയുമായ സുധ ഭരദ്വാജിന് ബോംബെ ഹൈക്കോടതി ജാമ്യം നൽകിയതിനെതിരേ എൻ.ഐ.എ. ഫയൽചെയ്ത ഹർജി സുപ്രീംകോടതി തള്ളി.

ഹൈക്കോടതി ഉത്തരവിൽ ഇടപെടേണ്ട യാതൊരു സാഹചര്യവുമില്ലെന്ന് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. മഹാരാഷ്ട്രയിലെ ഭീമ കൊറെഗാവിൽ 2018 ജനുവരിയിൽ നടന്ന സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായിരുന്ന സുധ ഭരദ്വാജിന് ഡിസംബർ ഒന്നിനാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. അതേസമയം, കേസിലെ മറ്റുപ്രതികളായ സുധീർ ദവാലെ, ഡോ. പി. വരവരറാവു, റോണ വിൽസൺ, അഡ്വ. സുരേന്ദ്ര ഗാഡ്‌ലിങ്, പ്രൊഫ. ഷോമ സെൻ, മഹേഷ് റൗത്ത്, വെർണൻ ഗോൺസാൽവസ്, അരുൺ ഫെരേര എന്നിവരുടെ ജാമ്യാപേക്ഷകൾ ഹൈക്കോടതി തള്ളി. 2018-ലാണ് ഇവരെല്ലാം അറസ്റ്റിലായത്.