ന്യൂഡൽഹി: എം.പി.മാരുടെ സസ്പെൻഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് രാജ്യസഭയിൽ പ്രതിപക്ഷപ്രതിഷേധം ചൊവ്വാഴ്ചയും തുടർന്നു.

രണ്ടുതവണ നിർത്തിവെച്ച സഭ ഉച്ചയ്ക്ക് മൂന്നിന് ചേർന്നപ്പോഴും ബഹളത്തിൽ മുങ്ങിയതിനാൽ അടുത്തദിവസത്തേക്കു പിരിഞ്ഞു. ബുധനാഴ്ച സഭ ബഹിഷ്‌കരിക്കാനും ഗാന്ധിപ്രതിമയ്ക്കുമുന്നിൽ സമരംചെയ്യുന്ന സസ്പെൻഡ് ചെയ്യപ്പെട്ട എം.പി.മാരോടൊപ്പം ചേർന്ന് ഐക്യദാർഢ്യം പ്രഖ്യാപിക്കാനും പ്രതിപക്ഷ എം.പി.മാർ തീരുമാനിച്ചു.

രാവിലെ സഭാനടപടികൾ തുടങ്ങിയതിനുപിന്നാലെ ചട്ടം 267 പ്രകാരം സഭ നിർത്തി എം.പി.മാരുടെ വിഷയം ചർച്ചചെയ്യണമെന്ന് പ്രതിപക്ഷനേതാവ് മല്ലികാർജുൻ ഖാർഗെ ആവശ്യപ്പെട്ടു. എന്നാൽ, ഇതംഗീകരിക്കാനാവില്ലെന്ന് അധ്യക്ഷൻ വെങ്കയ്യ നായിഡു പറഞ്ഞു. പ്രതിപക്ഷാംഗങ്ങൾ എഴുന്നേറ്റ് നടുത്തളത്തിലിറങ്ങിയതോടെ രണ്ടുവരെ സഭ നിർത്തി. രണ്ടിനു ചേർന്നപ്പോൾ ഉപാധ്യക്ഷൻ ഹരിവംശ് ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയെ വന്ധ്യതാനിവാരണ സാങ്കേതികവിദ്യാ നിയന്ത്രണ ബില്ലും വാടക ഗർഭപാത്ര നിയന്ത്രണ ബില്ലും അവതരിപ്പിക്കാൻ ക്ഷണിച്ചു. അപ്പോഴും പ്രതിപക്ഷം ബഹളംവെച്ചതോടെ മൂന്നുവരെ പിരിഞ്ഞു. മൂന്നിന് ഇരു ബില്ലുകളും മന്ത്രി അവതരിപ്പിച്ചു. ഇതിനിടയിലും ബഹളം തുടർന്നപ്പോൾ സസ്പെൻഷനിലായവരും ചർച്ചയിൽ പങ്കെടുക്കാനാണ് തങ്ങൾക്കാഗ്രഹമെന്നും അവർ മാപ്പുപറഞ്ഞാൽ സസ്പെൻഷൻ പിൻവലിക്കാമെന്നും പാർലമെന്ററികാര്യ മന്ത്രി പ്രൾഹാദ് ജോഷി പറഞ്ഞു. പിന്നാലെ സഭ പിരിഞ്ഞു.

സസ്പെൻഷൻ ജനാധിപത്യവിരുദ്ധവും ചട്ടലംഘനവുമാണെന്നും പ്രതിപക്ഷം ഇക്കാര്യത്തിൽ പ്രതിഷേധം തുടരുമെന്നും മല്ലികാർജുൻ ഖാർഗെ മാധ്യമപ്രവർത്തകരോട് പറഞ്ഞു. രാജ്യസഭയിലെ സ്തംഭനത്തിന് സർക്കാരാണ് പൂർണമായും ഉത്തരവാദിയെന്നും അദ്ദേഹം ആരോപിച്ചു. സഭ പിരിഞ്ഞുകഴിഞ്ഞാൽ അംഗങ്ങളെ സസ്പെൻഡ് ചെയ്യാൻ സർക്കാരിന് അധികാരമില്ല. കഴിഞ്ഞ സഭയിലെ കാര്യത്തിന് സസ്പെൻഡ് ചെയ്തത് ഭരണഘടനാ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.