ന്യൂഡൽഹി: ദേശീയ ജലപാത കോട്ടയം, കൊല്ലം ഭാഗങ്ങളിൽ വീതികൂട്ടുന്നതിനായി ഇനിയും 21 ഹെക്ടർ ഭൂമി വേണമെന്ന് കേന്ദ്രം. 85 കിലോമീറ്റർ ഭാഗത്ത് ആഴവും 13.10 കിലോമീറ്റർ വീതിയും കൂട്ടി. ബാക്കിയുള്ള എടപ്പള്ളിക്കോട്ട-കൊല്ലം (1.20 കിലോമീറ്റർ) ഭാഗം വീതികൂട്ടാൻ 6.75 കോടി രൂപ അനുവദിച്ചതായി ജലഗതാഗതമന്ത്രി സർബാനന്ദ് സോനോവാൾ രാജ്യസഭയിൽ അറിയിച്ചു. ലോക് താന്ത്രിക് ജനതാദൾ അംഗം എം.വി. ശ്രേയാംസ് കുമാറിന്റെ ചോദ്യത്തിന് മറുപടിയായാണിത്.

കോട്ടപ്പുറം, ആലുവ, കായംകുളം, വൈക്കം, തണ്ണീർമുക്കം (ചേർത്തല), തൃക്കുന്നപ്പുഴ, ആലപ്പുഴ, മരട്, കൊല്ലം എന്നിവിടങ്ങളിൽ വാട്ടർ ടെർമിനലുകൾ നിർമിച്ചു. കോട്ടപ്പുറം, ആലുവ, കൊല്ലം എന്നിവ കേരള സർക്കാർസ്ഥാപനത്തിന് നടത്തിപ്പിനുനൽകി. 16.60 കോടി രൂപ ചെലവിൽ വെല്ലിങ്ടൺ, ബോൾഗാട്ടി ടെർമിനലുകൾ പണിതു. ജലപാത മൂന്നിന്റെ പ്രവർത്തനത്തിനായി 2.28 കോടിയും അനുവദിച്ചു. തൃക്കുന്നപ്പുഴയിലെ നാവിക തടസ്സം പരിഹരിക്കാൻ 38 കോടി രൂപ 2017-ൽ അനുവദിച്ചിരുന്നു. 33 കോടി രൂപ നൽകി. 47 ശതമാനം പണി തീർന്നു -മന്ത്രി പറഞ്ഞു.