ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ അയോധ്യ പ്രസംഗത്തിൽ എട്ടു കോടി ഇന്ത്യക്കാരെ വിട്ടുപോയത് വളരെയധികം പേർക്ക് ആധിയുണ്ടാക്കുന്നതായി കോൺഗ്രസ് നേതാവും എം.പി.യുമായ ശശി തരൂർ. ഒഴിവാക്കൽ മനഃപൂർവമല്ലെങ്കിൽ തെറ്റുതിരുത്തണമെന്നും അദ്ദേഹം ട്വിറ്ററിൽ പറഞ്ഞു.

‘പ്രധാനമന്ത്രി മോദി ഇന്നലെ രാമക്ഷേത്രത്തിന്റെ ഭൂമിപൂജാച്ചടങ്ങിൽ സംസാരിക്കുമ്പോൾ 130 കോടി ഇന്ത്യക്കാരെ അനുമോദിച്ചു. എന്നാൽ, യു.എൻ. കണക്കുകൾ പ്രകാരം ഇന്ത്യയുടെ ജനസംഖ്യ 2020 മധ്യത്തോടെ ഏകദേശം 1,38,00,04,385 ആയി. എട്ടു കോടിപ്പേരെ ഒഴിവാക്കിയത് പൗരത്വനിയമത്തിന്റെയും പൗരത്വപ്പട്ടികയുടെയും പശ്ചാത്തലത്തിൽ വളരെയധികം പേരെ വിഷമിപ്പിക്കുന്നു. ഇത് മനഃപൂർവമല്ലെങ്കിൽ തെറ്റുതിരുത്തൽ അവർക്ക് ധൈര്യം പകരുന്നതാവും’ -തരൂർ കുറിച്ചു.