ന്യൂഡൽഹി: ജമ്മുകശ്മീരിന്റെ ചിലഭാഗങ്ങളിൽ 4ജി ഇന്റർനെറ്റ് സേവനം അനുവദിക്കുന്നതിന്റെ സാധ്യതകൾ പരിശോധിക്കാൻ സുപ്രീംകോടതി ആവശ്യപ്പെട്ടു. ഫൗണ്ടേഷൻ ഫോർ മീഡിയ പ്രൊഫഷണൽസ് എന്ന സംഘടനയുടെ ഹർജിയിലാണ് ജമ്മുകശ്മീർ ഭരണകൂടത്തോട് ഇക്കാര്യം പരിശോധിക്കാൻ ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചത്.

ജമ്മുകശ്മീരിലെ പുതിയ ലെഫ്. ഗവർണറായി മനോജ് സിൻഹ ചുമതലയെടുത്തതേയുള്ളൂവന്നും അതിനാൽ അദ്ദേഹത്തിൽനിന്ന് നിർദേശം തേടാൻ സാവകാശം അനുവദിക്കണമെന്നും കേന്ദ്രം പറഞ്ഞു. ചൊവ്വാഴ്ച വീണ്ടും കേസ് പരിഗണിക്കും.

കശ്മീരിന്റെ പ്രത്യേകപദവി കേന്ദ്രസർക്കാർ എടുത്തുകളഞ്ഞതിനു പിന്നാലെ മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കിയിരുന്നു. പിന്നീട് 2ജി ഇന്റർനെറ്റ്മാത്രം അനുവദിച്ചു. കശ്മീരിൽ തത്കാലം 4ജി ഇന്റർനെറ്റ് പുനഃസ്ഥാപിക്കേണ്ടതില്ലെന്നാണ് സുപ്രീംകോടതി നിർദേശപ്രകാരം രൂപവത്കരിച്ച ഉന്നതാധികാര സമിതി റിപ്പോർട്ട് നൽകിയത്.