ന്യൂഡൽഹി: ഇറ്റാലിയൻ നാവികരുടെപേരിൽ നിലവിലുള്ള കേസുകൾ കടൽക്കൊലക്കേസിലെ അന്താരാഷ്ട്ര ട്രിബ്യൂണൽ വിധിയുടെ പശ്ചാത്തലത്തിൽ തീർപ്പാക്കണമെന്ന കേന്ദ്രസർക്കാർ വാദത്തോടു വിയോജിച്ച് സുപ്രീംകോടതി. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ഭാഗംകൂടി കേട്ടശേഷമേ കേസ് തീർപ്പാക്കാനാകൂവെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. കുടുംബാംഗങ്ങളെക്കൂടി കക്ഷിചേർത്ത് പുതിയ അപേക്ഷ നൽകാൻ കേന്ദ്രത്തോട് സുപ്രീംകോടതി ആവശ്യപ്പെട്ടു.

നാവികരെ വിചാരണ ചെയ്യാമെന്ന് ഇറ്റലി ഉറപ്പുനൽകിയതായി കേന്ദ്രത്തിനുവേണ്ടി സോളിസിറ്റർ ജനറൽ തുഷാർമേത്ത അറിയിച്ചു. ഇരകളുടെ കുടുംബത്തിന് പരമാവധി നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടപ്പോൾ അക്കാര്യം ഉറപ്പുവരുത്തുമെന്ന് മേത്ത പറഞ്ഞു.

കടൽക്കൊലക്കേസുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര ട്രിബ്യൂണലിന്റെ വിധി അംഗീകരിക്കാനും പാലിക്കാനും തീരുമാനിച്ചതായി കേന്ദ്രം നേരത്തേ അറിയിച്ചിരുന്നു. അതിനാൽ, ഇറ്റാലിയൻ നാവികർക്കെതിരേ സുപ്രീംകോടതിയിൽ നിലവിലുള്ള കേസുകൾ തീർപ്പാക്കണമെന്നുകാട്ടിയാണ് കേന്ദ്രം അപേക്ഷ നൽകിയത്.

ഇറ്റലി നഷ്ടപരിഹാരം നൽകണമെന്നും കുറ്റക്കാരായ നാവികരെ ഇന്ത്യയിൽ വിചാരണ ചെയ്യാനാവില്ലെന്നുമാണ് അന്താരാഷ്ട്ര തർക്കപരിഹാര ട്രിബ്യൂണൽ അടുത്തിടെ വിധിച്ചത്.

2012 ഫെബ്രുവരി 15-നാണ് എന്റിക്ക ലെക്സി എന്ന കപ്പലിലെ ഇറ്റാലിയൻനാവികർ കേരളതീരത്ത്‌ രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്നത്. ട്രിബ്യൂണലിലെ നടപടികൾ പൂർത്തിയാകുംവരെ പ്രതികളായ നാവികർ മാസിമിലിയാനോ ലാത്തോറെ, സാൽവത്തോറെ ജിറോൺ എന്നിവർക്ക് ഇറ്റലിയിൽ തുടരാൻ സുപ്രീംകോടതി അനുമതി നൽകിയിരുന്നു.