ന്യൂഡൽഹി: ഭാരതപ്പുഴയുടെ ജലവിഭവത്തെക്കുറിച്ച് പഠിച്ച് പുനരുജ്ജീവനത്തിനായി സമഗ്ര കർമപദ്ധതി തയ്യാറാക്കാൻ കേന്ദ്രസർക്കാർ കേന്ദ്ര ജലകമ്മിഷനോടു നിർദേശിച്ചു. നദിയിലെ മലിനീകരണം കുറയ്ക്കാൻ കേരള സർക്കാർ തയ്യാറാക്കിയ കർമപദ്ധതികൂടി പരിഗണിച്ചുവേണം പഠനം നടത്തേണ്ടതെന്നും നിർദേശമുണ്ട്. കേരളത്തിലെ ഏതെങ്കിലും നദിയുടെ പുനരുജ്ജീവനത്തിനായി കേന്ദ്ര ജലശക്തിമന്ത്രാലയം ഇടപെടുന്നത് ആദ്യമായാണ്.

മന്ത്രാലയത്തിനു കീഴിലെ ഗംഗാ ശുചീകരണ ദൗത്യം ഡയറക്ടർ ജനറലായ രാജീവ് രഞ്ജൻ മിശ്രയുടേതാണ് നിർദേശം. ഭാരതപ്പുഴ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന സംഘടനയായ ‘നിളാ വിചാരവേദിയുടെ’ ഇടപെടലിനെത്തുടർന്നാണ് കേന്ദ്രത്തിന്റെ നടപടി. കേന്ദ്ര ജലശക്തിമന്ത്രി ഗജേന്ദ്രസിങ് ശെഖാവത്തുമായി നടന്ന ചർച്ചയിൽ നിളാ വിചാരവേദി ഭാരവാഹികൾ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു തീരുമാനം.

കേന്ദ്ര മലിനീകരണനിയന്ത്രണ ബോർഡ് നടത്തിയ പഠനത്തിൽ നദിയുടെ പട്ടാമ്പി ഭാഗത്ത് മാലിന്യപ്രശ്‌നം രൂക്ഷമാണെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് ശക്തമായ നടപടിയെടുക്കാൻ സംസ്ഥാന സർക്കാരിനോ‌ടു നിർദേശിച്ചു. പിന്നാലെയാണ് സംസ്ഥാനം കർമപദ്ധതി തയ്യാറാക്കിയത്.