ന്യൂഡൽഹി: ഉന്നതതല വിവരങ്ങൾ കൈമാറാൻ ചൈനയിലെ കമ്യൂണിസ്റ്റ് പാർട്ടിയുമായി 2008-ൽ യു.പി.എ. ഭരണകാലത്തുണ്ടാക്കിയ കരാറിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്തണമെന്ന ഹർജി സുപ്രീംകോടതി തള്ളി. “അസംബന്ധം, എങ്ങനെയാണ് ഒരു രാഷ്ട്രീയപ്പാർട്ടിക്ക് ചൈനയുമായി കരാറുണ്ടാക്കാൻ സാധിക്കുക”- ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. പരാതി പിൻവലിക്കാൻ അനുമതി നൽകിയ ബെഞ്ച്, ഹൈക്കോടതിയെ സമീപിക്കാനും ഹർജിക്കാരോട് ആവശ്യപ്പെട്ടു.

കോൺഗ്രസ് പാർട്ടിയെയും നേതാക്കളായ സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരെയും എതിർകക്ഷികളാക്കിയാണ് അഡ്വ. ശശാങ്ക് ശേഖർ ഝാ, ഗോവ ക്രോണിക്കിൾ എഡിറ്റർ-ഇൻ-ചീഫ് സാവിയോ റോഡ്രിഗസ് എന്നിവർ ഹർജി നൽകിയത്. സംഭവം നിയമവിരുദ്ധ പ്രവർത്തനം തടയൽ നിയമപ്രകാരം സി.ബി.ഐ.യോ എൻ.ഐ.എ.യോ അന്വേഷിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.

യു.പി.എ. ഭരണകാലത്ത് ഒപ്പുവെച്ച ധാരണാപത്രമാണ് ഹർജിക്കാർ ചോദ്യംചെയ്തത്. സുപ്രധാന ഉഭയകക്ഷി, പ്രാദേശിക, അന്താരാഷ്ട്ര വിവരങ്ങൾ പരസ്പരം ചർച്ച ചെയ്യുമെന്നാണ് ധാരണാപത്രത്തിലെ വ്യവസ്ഥയെന്നു പറയുന്നു.