ചെന്നൈ: തമിഴ്‌നാട്ടിൽ എൻജിനിയറിങ് കോളേജുകളിലെ ഓൺലൈൻ ക്ലാസുകൾ ഈമാസം 12 മുതൽ ആരംഭിക്കുമെന്ന് അണ്ണാ സർവകലാശാല അറിയിച്ചു. അണ്ണാ സർവകലാശാലയ്ക്ക് കീഴിലാണ് സംസ്ഥാനത്തെ എൻജിനിയറിങ് കോളേജുകൾ പ്രവർത്തിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങൾ കാരണം കഴിഞ്ഞ മാർച്ച് മുതൽ ക്ലാസുകൾക്ക് അവധി നൽകിയിരിക്കുകയാണ്.

ഒന്നാം സെമസ്റ്റർ വിദ്യാർഥികൾക്കൊഴികെയാണ് ക്ലാസ് നടത്തുക. അവസാനവർഷ വിദ്യാർഥികളുടെ പരീക്ഷകൾ ഈമാസം അവസാനം ഓൺലൈനായി നടത്താനും തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ആർട്‌സ് ആൻഡ് സയൻസ് കോളേജുകളിൽ ഈമാസമാദ്യം മുതൽ ഓൺലൈനായി ക്ലാസുകൾ ആരംഭിച്ചിരുന്നു. അതേസമയം, ഒന്നാംവർഷ എൻജിനിയറിങ് പ്രവേശനത്തിനായുള്ള ഓൺലൈൻ രജിസ്ട്രേഷൻ തുടരുകയാണ്. tneaonline.org എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. 16 ആണ് അവസാന തീയതി. റാങ്ക് പട്ടിക സെപ്റ്റംബർ ഏഴിന് പുറത്തുവിടും.