മുംബൈ: ഭോജ്പുരി സിനിമാ നടി അനുപമ പാഠക് (40) ആത്മഹത്യ ചെയ്തു. മുംബൈയ്ക്കടുത്ത് ദഹിസറിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ബിഹാറിലെ പൂർണിയയിൽ ജനിച്ച അനുപമ മുംബൈയിലേക്ക് താമസം മാറ്റുകയായിരുന്നു.

ഭോജ്പുരി സിനിമകളിലും ടെലിവിഷൻ പരിപാടികളിലും ചെറിയ വേഷങ്ങളിൽ അഭിനയിച്ചാണ് ജീവിച്ചിരുന്നത്. ലോക്ഡൗൺ കാരണം അവസരങ്ങൾ നഷ്ടമായതും തട്ടിപ്പുകളിൽ കുടുങ്ങി പണം നഷ്ടമായതുമാണ് ആത്മഹത്യക്കു പ്രേരിപ്പിച്ചതെന്നു കരുതുന്നു. ആത്മഹത്യ ചെയ്യുന്നതിന് തലേന്ന് സാമൂഹികമാധ്യമങ്ങൾ വഴി പുറത്തുവിട്ട വീഡിയോയിൽ താൻ വഞ്ചിക്കപ്പെട്ടതായി അവർ പറഞ്ഞിരുന്നു.

ചുറ്റുമുള്ളവരെല്ലാം സ്വാർഥരാണെന്നും പ്രശ്‌നങ്ങൾ വരുമ്പോൾ സഹായിക്കാൻ സുഹൃത്തുക്കൾപോലും ഉണ്ടാവില്ലെന്നും അവർ വിലപിച്ചിരുന്നു. അനുപമ എഴുതിയ ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയ സ്ഥാപനത്തിൽ നിക്ഷേപിച്ച 10,000 രൂപ കാലാവധിയെത്തിയിട്ടും തിരിച്ചുകിട്ടിയില്ലെന്നും ഒരു സുഹൃത്ത് കൊണ്ടു പോയ ഇരുചക്ര വാഹനം തിരിച്ചു കിട്ടിയില്ലെന്നും കത്തിൽ പറയുന്നുണ്ടെന്ന് പോലീസ് അറിയിച്ചു.

ഹിന്ദി ടെലിവിഷൻ താരവും മോഡലുമായ സമീർ ശർമ്മ (44) കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തിരുന്നു. പ്രശസ്ത നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് അഭിനേതാക്കളുടെ ആത്മഹത്യകൾ മുംബൈ ചലച്ചിത്രലോകത്ത് ആവർത്തിക്കുന്നത്.