ചെന്നൈ: കോവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായി വിഴുപുരം കൂവാഗം കൂത്താണ്ടവർ ക്ഷേത്രത്തിലെ വാർഷികോത്സവം റദ്ദാക്കി. ഏപ്രിൽ 21 മുതൽ മേയ് 6 വരെയാണ് ഉത്സവം നടത്താൻ നിശ്ചയിച്ചിരുന്നത്. കോവിഡിന്റെ പശ്ചാത്തലത്തിൽ ജില്ലാ ഭരണകൂടവും ഉന്നത പോലീസ് ഉദ്യോഗസ്ഥരും യോഗം ചേർന്ന് ഉത്സവം റദ്ദാക്കാൻ തീരുമാനിക്കുകയായിരുന്നു.
ഇന്ത്യയിലെ ഏറ്റവും വലിയ ട്രാൻസ്‌ജെൻഡർ ഉത്സവമായാണ് കൂവാഗം ഉത്സവം അറിയപ്പെടുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിദേശത്തുനിന്നുമായി ട്രാൻസ്‌ജെൻഡർമാർ കൂവാഗത്ത് ഒത്തുകൂടാറുണ്ട്. കേരളത്തിൽനിന്നും ഒട്ടേറെപ്പേർ ഉത്സവത്തിന് എത്താറുണ്ട്.