ന്യൂഡൽഹി: കോവിഡിന്റെ മൂന്നാംതരംഗം കുട്ടികളെക്കൂടി ബാധിക്കുമെന്ന് വിദഗ്ധർ പറയുന്ന സാഹചര്യത്തിൽ അതിനെ നേരിടാൻ സർക്കാർ തയ്യാറെടുക്കണമെന്ന് സുപ്രീംകോടതി. കുട്ടികൾക്കും വാക്സിൻ നൽകുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പരിഗണിക്കണമെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടു.

മൂന്നാംതരംഗം കുട്ടികളെയും ബാധിക്കുമെന്നതിനാൽ അവർ ആശുപത്രിയിലെത്തുമ്പോൾ കൂടെ മാതാപിതാക്കളും വരും. അതിനാൽ കുട്ടികൾക്കും വാക്സിൻ നൽകേണ്ടത് അനിവാര്യമാണെന്നും അതനുസരിച്ച് പദ്ധതി ആസൂത്രണം ചെയ്യണമെന്നും കോടതി പറഞ്ഞു.

എം.ബി.ബി.എസ്. പൂർത്തിയാക്കി പി.ജി. കോഴ്‌സുകൾക്ക് പോകാൻ കാത്തിരിക്കുന്ന ഡോക്ടർമാരുടെ സേവനം കോവിഡ് സാഹചര്യത്തിൽ ഉപയോഗപ്പെടുത്തണമെന്നും സുപ്രീംകോടതി നിർദേശിച്ചു. മെഡിക്കൽ കോഴ്‌സ് കഴിഞ്ഞ ഒന്നരലക്ഷം ഡോക്ടർമാരും രണ്ടരലക്ഷം നഴ്‌സുമാരുമുണ്ട്. അവരുടെ സേവനം ഈ സാഹചര്യത്തിൽ നിർണായകമായിരിക്കുമെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.

ഡൽഹിക്ക് പ്രതിദിനം 700 മെട്രിക് ടൺ ഓക്സിജൻ നൽകണമെന്ന ഉത്തരവ് പാലിച്ചില്ലെന്നുകാട്ടി ഡൽഹി ഹൈക്കോടതി അയച്ച കോടതിയലക്ഷ്യ ഹർജിക്കെതിരേ കേന്ദ്രം നൽകിയ ഹർജിയാണ് സുപ്രീംകോടതി പരിഗണിച്ചത്. ഹൈക്കോടതിയുടെ നോട്ടീസ് സുപ്രീംകോടതി സ്റ്റേചെയ്തിരുന്നു.