ഹൈദരാബാദ്: രണ്ടുദിവസത്തിനുള്ളിൽ 1.5 ലക്ഷം ഡോസ് സ്പുട്‌നിക് വാക്സിൻകൂടി റഷ്യയിൽനിന്ന് ഇന്ത്യയിലെത്തും. ഈ മാസം അവസാനത്തോടെ 30 ലക്ഷം ഡോസ് എത്തിക്കാനാണ് പദ്ധതി. 1.5 ലക്ഷം ഡോസ് വാക്സിനടങ്ങിയ ആദ്യ ബാച്ച് മേയ് ഒന്നിനാണ് ഇന്ത്യയിലെത്തിയത്.

ഡോ. റെഡ്ഡി ലാബോറട്ടറീസ് റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ഫോർ വാക്സിനുമായി സഹകരിച്ചാണ് വാക്സിൻ രാജ്യത്തെത്തിക്കുന്നത്. 10 കോടി ഡോസ് വാക്സിൻ ഇന്ത്യക്ക്‌ റഷ്യ നൽകുമെന്നായിരുന്നു ധാരണ. പിന്നീട് ഇത് 12.5 കോടി ഡോസാക്കി ഉയർത്തി.

വാക്സിനുപുറമേ നാല് ഓക്സിജൻ ജനറേറ്റിങ് ട്രക്കുകളും റഷ്യ ഇന്ത്യയിലേക്ക് അയക്കുന്നുണ്ട്. മണിക്കൂറിൽ 70 കിലോഗ്രാം ഓക്സിജനും പ്രതിദിനം 50,000 ലിറ്റർ ഓക്സിജനും ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണിവ.