ചെന്നൈ: തമിഴ്നാട്ടിൽ എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡി.എം.കെ. മന്ത്രിസഭ വെള്ളിയാഴ്ച സ്ഥാനമേൽക്കും. രാജ്ഭവനിൽ രാവിലെ ഒമ്പതിന് നടക്കുന്ന ചടങ്ങിൽ സ്റ്റാലിനൊപ്പം 33 മന്ത്രിമാർ സത്യപ്രജ്ഞചെയ്യും. ഡി.എം.കെ. ജനറൽ സെക്രട്ടറി ദുരൈമുരുകൻ, പ്രിൻസിപ്പൽ സെക്രട്ടറി കെ.എൻ. നെഹ്രു തുടങ്ങിയ മുതിർന്ന നേതാക്കൾ മന്ത്രിസഭയിൽ ഇടംനേടും. ആഭ്യന്തരമടക്കം മുമ്പ് കരുണാനിധി ചുമതലവഹിച്ച ഒട്ടുമിക്ക വകുപ്പുകളും മുഖ്യമന്ത്രിയായി സ്ഥാനമേൽക്കുന്ന സ്റ്റാലിൻ വഹിക്കും. മന്ത്രിമാരുടെ വകുപ്പും തീരുമാനിച്ചു.

ദുരൈമുരുകനാണ് ജലവിഭവ വകുപ്പ്. ധനമന്ത്രി പളനിവേൽ ത്യാഗരാജനാവും. യുവജനങ്ങളുടെ പ്രതിനിധിയെന്ന നിലയിൽ സ്റ്റാലിന്റെ മകൻ ഉദയനിധിയെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചിരുന്നെങ്കിലും അന്തിമ പട്ടികയിൽ ഇടംനേടിയില്ല. ഉദയനിധിയുടെ അടുത്തസുഹൃത്ത് കൂടിയായ യുവ എം.എൽ.എ. അൻപിൽ മഹേഷിന് സ്കൂൾ വിദ്യാഭ്യാസ വകുപ്പ് ലഭിക്കും. കരുണാനിധിയുടെ കാലത്ത് ഡി.എം.കെ. മന്ത്രിസഭയിലുണ്ടായിരുന്ന 14 പേർക്ക് ഇത്തവണ അവസരം നൽകുന്നുണ്ട്. മന്ത്രിമാരിൽ 15 പേർ പുതുമുഖങ്ങളാണ്. ഇതിൽ ആദ്യമായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട രണ്ട് പേരുമുണ്ട്.

ദളിത് വിഭാഗത്തിൽനിന്ന് മൂന്ന് പേരും മുസ്‌ലിം സമുദായത്തിൽനിന്ന് രണ്ടുപേരും മന്ത്രിസഭയിൽ ഇടം നേടി. എ.ഐ.എ.ഡി.എം.കെ. വിട്ട് ഡി.എം.കെയിൽ ചേർന്ന സെന്തിൽ ബാലാജിക്ക്‌ വൈദ്യുതി, എക്സൈസ് വകുപ്പുകളുടെ ചുമതല നൽകും. ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ എൽ. മുരുകനെ പരാജയപ്പെടുത്തിയ കായൽവിഴി സെൽവരാജും ഗീതാ ജീവനുമായിരിക്കും മന്ത്രിസഭയിലെ വനിതകൾ.

ലളിതമായ ചടങ്ങിലായിരിക്കും സത്യപ്രതിജ്ഞ. പ്രവർത്തകർ പുറത്തിറങ്ങാതെ വീടുകളിലിരുന്ന് സന്തോഷം പങ്കിടണമെന്ന് സ്റ്റാലിൻ അഭ്യർഥിച്ചു.