ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം പശ്ചിമ ബംഗാളിൽ തുടരുന്ന അക്രമസംഭവങ്ങളെക്കുറിച്ച് ഗവർണറോട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം റിപ്പോർട്ട് തേടി. വിശദ പരിശോധനകൾക്കുശേഷം റിപ്പോർട്ട് സമർപ്പിക്കാനാണ് ഗവർണർ ജഗദീപ് ധൻകറോട് ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞദിവസം കേന്ദ്രം സംസ്ഥാനസർക്കാരിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നെങ്കിലും നൽകിയിരുന്നില്ല.

അക്രമങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ആഭ്യന്തരമന്ത്രാലയം നാലംഗ സമിതിയെയും നിയോഗിച്ചു. ആഭ്യന്തരമന്ത്രാലയം അഡീഷണൽ സെക്രട്ടറിയാണ് സംഘത്തെ നയിക്കുന്നത്. ഇവർ വ്യാഴാഴ്ച കൊൽക്കത്തയിലെത്തി ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ചനടത്തി. വെള്ളിയാഴ്ച ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോർട്ട് നൽകും.

16 പേരാണ് ഫലപ്രഖ്യാപനത്തിനുശേഷമുള്ള രാഷ്ട്രീയാക്രമങ്ങളിൽ കൊല്ലപ്പെട്ടത്. ഇവരുടെ കുടുംബാംഗങ്ങൾക്ക് രണ്ടുലക്ഷംരൂപവീതം മുഖ്യമന്ത്രി മമതാ ബാനർജി സഹായധനം പ്രഖ്യാപിച്ചു. ഏപ്രിൽ പത്തിന് കൂച്ച് ബിഹാറിലെ സീതാൽകുച്ചി പ്രദേശത്ത് നടന്ന സി.െഎ.എസ്‌.‌എഫ്. വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ ജോലിനൽകുമെന്നും മമത പറഞ്ഞു.