ചെന്നൈ: കോവിഡ് പ്രതിരോധനടപടിയുടെ ഭാഗമായി വ്യാഴാഴ്ച മുതൽ തമിഴ്നാട്ടിൽ മിനിലോക്ഡൗൻ തുടങ്ങി. അവശ്യവസ്തുകൾ വിൽക്കുന്ന കടകൾ രാവിലെ ആറുമുതൽ 12വരെ പ്രവർത്തിച്ചു. മാർക്കറ്റുകൾ, ഇറച്ചിക്കടകൾ, വിദേശമദ്യഷോപ്പുകൾ എന്നിവിടങ്ങളിൽ വൻ തിരക്കായിരുന്നു. മുഖാവരണം ധരിക്കാത്തവരിൽനിന്നും സമൂഹിക അകലം പാലിക്കാത്തവരിൽനിന്നും പോലീസും കോർപ്പറേഷൻ അധികൃതരും ചേർന്ന് പിഴയീടാക്കി.

ചെന്നൈയിൽ എം.ടി.സി. ബസുകൾ, സബർബൻ തീവണ്ടികൾ, മെട്രോ തീവണ്ടികൾ എന്നിവയിൽ 50 ശതമാനം യാത്രക്കാരോടെ സർവീസ് നടത്താൻ അനുമതിയുണ്ടായിരുന്നു. ഓട്ടോറിക്ഷകളിൽ രണ്ടുപേരും കാറുകളിൽ മൂന്നുപേരെയും യാത്രചെയ്യാൻ അനുവദിച്ചു. മെട്രോ തീവണ്ടികൾ രാത്രി ഒമ്പതുവരെയും സബർബൻ തീവണ്ടികൾ രാത്രി പത്തുവരെയും സർവീസ് നടത്തി. സബർബൻ തീവണ്ടികളിൽ പൊതുജനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. അവശ്യസേവനവിഭാഗങ്ങളിൽ ജോലി ചെയ്യുന്നവർക്കാണ് യാത്രയ്ക്ക്‌ അനുമതിയുള്ളത്.

സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ 50 ശതമാനം ജീവനക്കാരോടെയാണ് പ്രവർത്തിച്ചത്. ബീച്ചുകൾ, പാർക്കുകൾ ഉൾപ്പെടെ ജനങ്ങൾ കൂട്ടംകൂടാൻ സാധ്യതയുള്ള എല്ലായിടത്തും പോലീസിനെ വിന്യസിച്ചു. ആശുപത്രികൾ, മരുന്നുകടകൾ എന്നിവയുടെ പ്രവർത്തനത്തിന് തടസ്സമുണ്ടായില്ല. സംസ്ഥാനത്ത് ഈ മാസം 20 വരെയാണ് മിനിലോക്ഡൗൺ പ്രഖ്യാപിച്ചത്.