ന്യൂഡൽഹി: കേരളമടക്കമുള്ള നിയമസഭാ തിരഞ്ഞെടുപ്പുകളിലെ ഫലം കേന്ദ്രവിരുദ്ധപ്രക്ഷോഭങ്ങൾക്ക്‌ കരുത്തുപകരുമെന്ന് സി.പി.എം. പൊളിറ്റ്ബ്യൂറോ. ബി.ജെ.പി.ക്ക്‌ കനത്ത തിരിച്ചടിയാണിത്. വർഗീയധ്രുവീകരണം നടത്തിയും വലിയ അളവിൽ പണം ചെലവഴിച്ചും കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്തും തിരഞ്ഞെടുപ്പ് സംവിധാനങ്ങളിൽ കൃത്രിമംനടത്തിയുമുള്ള ബി.ജെ.പി.യുടെ ശ്രമങ്ങൾക്ക് ജനപിന്തുണ നേടാനായില്ല. ജനജീവിതം മെച്ചപ്പെടുത്താനും ഇന്ത്യയുടെ മതേതര-ജനാധിപത്യ സ്വഭാവം സംരക്ഷിക്കാനുമായി നടക്കുന്ന പ്രക്ഷോഭങ്ങളെ ഇതു കൂടുതൽ ശക്തിപ്പെടുത്തും.

ഇടതുസർക്കാരിന്റെ ബദൽ നയങ്ങൾക്കുള്ള അംഗീകാരമാണ് കേരളത്തിലെ വിജയം. കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പിനെക്കാൾ മികച്ച വിജയം നേടാൻ ഇടതുപക്ഷത്തിനായി. ബംഗാളിൽ ബി.ജെ.പി.ക്ക്‌ കനത്ത പ്രഹരമേറ്റു. വർഗീയധ്രുവീകരണത്തെ ജനം തള്ളി. തമിഴ്‌നാട്ടിൽ ഡി.എം.കെ. നയിക്കുന്ന മുന്നണി എ.ഐ.ഡി.എം.കെ.-ബി.ജെ.പി. സഖ്യത്തെ തള്ളിയാണ് മുന്നിലെത്തിയത്.

അസമിൽമാത്രമേ ബി.ജെ.പി.ക്ക് അധികാരം നിലനിർത്താനായുള്ളൂ. എന്നാൽ, വോട്ടുവിഹിതത്തിൽ ബി.ജെ.പി. സഖ്യവും ഇടതുപക്ഷം ഉൾപ്പെട്ട മഹാസഖ്യവുംതമ്മിൽ വലിയ വ്യത്യാസമില്ലെന്നും പി.ബി. വിലയിരുത്തി.