കൊൽക്കത്ത: മയക്കുമരുന്നു കേസിൽ അറസ്റ്റിലായ പശ്ചിമബംഗാൾ യുവമോർച്ച ഭാരവാഹി പമേല ഗോസ്വാമി ജയിലിൽ സംരക്ഷണമാവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. തന്നെ അപായപ്പെടുത്താൻ ബി.ജെ.പി. നേതാവ് രാകേഷ് സിങ് ഗൂഢാലോചന നടത്തുന്നുണ്ടെന്ന് അവർ ആരോപിച്ചു.

കഴിഞ്ഞ മാസമാണ് കാറിൽ കൊക്കെയ്നുമായി പമേലയും സുഹ്യത്ത് പ്രബീർ ഡേയും അറസ്റ്റിലായത്. തന്റെ കാറിൽ മയക്കുമരുന്നു വെച്ചത് രാകേഷ് സിങ് അയച്ചവരാണെന്ന് പമേല മൊഴി നൽകിയിരുന്നു. ഇതേത്തുടർന്ന് അറസ്റ്റിലായ സിങ് റിമാൻഡിലാണ്.

തന്റെ ജീവന് ഭീഷണിയുണ്ടെന്ന് പ്രബീറും പറഞ്ഞു. ജയിലിൽവെച്ച് വധിക്കാൻ ഗൂഢാലോചന നടക്കുന്നുണ്ടെന്നും അത് എപ്പോൾ വേണമെങ്കിലും സംഭവിക്കാമെന്നും പ്രബീർ അഭിഭാഷകനെ അറിയിച്ചിട്ടുണ്ട്.