മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ വസതിക്കു മുന്നിൽ സ്ഫോടകവസ്തുക്കൾ കണ്ടെത്തിയതും വാഹന ഉടമയുടെ മൃതദേഹം കടലിടുക്കിൽ കണ്ടെത്തിയതും മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന (എ.ടി.എസ്.)അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി അനിൽ ദേശ്‌മുഖ് അറിയിച്ചു. രണ്ടു സംഭവങ്ങളിലും എൻ.ഐ.എ. അന്വേഷണം വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം നിരാകരിച്ചുകൊണ്ടാണ് സർക്കാർ തീരുമാനം.

സൗത്ത് മുംബൈയിലെ അംബാനിയുടെ വസതിക്കു മുന്നിൽ സ്ഫോടക വസ്തുക്കൾ നിറച്ച നിലയിൽ കണ്ടെത്തിയ സ്കോർപ്പിയോയുടെ ഉടമ മൻസുഖ് ഹിരേൻ മരിച്ചതോടെ സംഭവത്തിലെ ദുരൂഹത വർധിച്ചിരിക്കുകയാണ്. ഹിരേനിന്റേത് ആത്മഹത്യ തന്നെയാണെന്നാണ് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ, ഇത് കൊലപാതകമാണെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനെ കാണാനെന്നു പറഞ്ഞാണ് ഹിരേൻ വ്യാഴാഴ്ച വീട്ടിൽ നിന്നിറങ്ങിയതെന്നും പിന്നീടദ്ദേഹത്തിന്റെ മൃതദേഹമാണ് കാണുന്നതെന്നും അവർ പറയുന്നു. പോലീസുദ്യോഗസ്ഥർ പീഡിപ്പിക്കുന്നുവെന്ന് ഹിരേൻ പരാതിപ്പെട്ടിരുന്നതായും റിപ്പോർട്ടുകളുണ്ട്.

സ്ഫോടകവസ്തുക്കളുമായി കണ്ടെത്തിയ വാഹനത്തിന്റെ യഥാർഥ ഉടമ ഹിരേൻ അല്ലെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു. സാം മുത്തേബ് എന്നയാളുടേതാണ് വാഹനം. അറ്റകുറ്റപ്പണികൾക്കായി സാം അത് ഹിരേനിനെ ഏൽപ്പിക്കുകയായിരുന്നു. വാഹനങ്ങളുടെ ഇന്റീരിയർ ജോലികൾ ചെയ്യുന്നയാളാണ് ഹിരേൻ. പണി ചെയ്തെങ്കിലും അതിന്റെ പണം കൊടുക്കാൻ സാമിന് പറ്റിയില്ല. അതുകൊണ്ട് വണ്ടി വിട്ടുകൊടുത്തില്ല. ക്രാഫോഡ് മാർക്കറ്റിൽ ആരെയോ കാണാൻ വന്നപ്പോൾ വാഹനം മോഷണം പോയെന്നാണ് ഹിരേൻ പോലീസിനോട് പറഞ്ഞത്.

ഹിരേൻ ക്രാഫോഡ് മാർക്കറ്റിൽ ആരെക്കാണാനാണ് വന്നതെന്ന് കണ്ടുപിടിക്കണമെന്ന് പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്‌നവിസ് ആവശ്യപ്പെട്ടു. സ്ഫോടകവസ്തുക്കൾ കണ്ടെത്തിയ സംഭവത്തിന്റെ കേസന്വേഷിക്കുന്ന പോലീസ് ഓഫീസർ സച്ചിൻ വാസുമായി ഹിരേൻ നേരത്തേ ആശയവിനിമയം നടത്തിയിട്ടുണ്ട്. ലോക്കൽ പോലീസ് എത്തുന്നതിന് മുമ്പ് സച്ചിൻ വാസ് എത്തിയാണ് വാഹനം കസ്റ്റഡിയിലെടുത്തത്. ഇതെല്ലാം സംശയാസ്പദമാണെന്ന് ഫഡ്‌നവിസ് പറഞ്ഞു. എന്നാൽ, ഹിരേനെ നേരത്തേ കണ്ടിട്ടില്ലെന്ന് സച്ചിൻ വാസ് വ്യക്തമാക്കിയിട്ടുണ്ട്.

കേസന്വേഷണം എൻ.ഐ.എ.യെ ഏൽപ്പിക്കണമെന്ന് ഫഡ്‌നവിസ് ഉൾപ്പെടെയുള്ള ബി.ജെ.പി. നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അതിന്റെ ആവശ്യമില്ലെന്ന് ശിവസേനാ നേതാവ് സഞ്ജയ് റാവുത്ത് പറഞ്ഞു. മൻസുഖ് ഹിരേനിന്റെ മരണം ഒരു പ്രഹേളികയാണ്. സത്യം കണ്ടുപിടിക്കുകയെന്നതാണ് മഹാരാഷ്ട്ര സർക്കാരിനു മുന്നിലുള്ള ദൗത്യം. അതിനുള്ള ശേഷി മഹാരാഷ്ട്രാ പോലീസിനുണ്ട്. -റാവുത്ത് പറഞ്ഞു.