ചെന്നൈ: തമിഴ് സ്നേഹം പറഞ്ഞാണ് ഇപ്പോൾ തമിഴ്‌നാട്ടിൽ ദേശീയ നേതാക്കളുടെ പ്രചാരണം. മറ്റിടങ്ങളിൽ ഹിന്ദിയിലും ഇംഗ്ലീഷിലും ഗംഭീരപ്രസംഗങ്ങളുമായി ആളെക്കൂട്ടുന്ന നേതാക്കൾക്ക് പക്ഷേ, തമിഴ്‌നാട്ടിൽ രക്ഷയില്ല. തർജമ പിഴയ്ക്കുന്നത് സാമൂഹികമാധ്യമങ്ങളിൽ ട്രോളുകളായി തിരിഞ്ഞുകൊത്തുകയാണ്.

കഴിഞ്ഞയിടെ ബി.ജെ.പി.യുടെ പ്രചാരണത്തിനെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് പരിഭാഷത്തെറ്റിന് ഇരയായ കൂട്ടത്തിലെ അവസാനത്തെയാൾ. മുതിർന്ന ബി.ജെ.പി. നേതാവായ എച്ച്. രാജയായിരുന്നു പരിഭാഷകൻ. രാഷ്ട്രീയത്തിലെ കുടുംബവാഴ്ചയെ സൂചിപ്പിച്ച് ‘മാരൻ കുടുംബം രണ്ടാം തലമുറയും (2ജി) കരുണാനിധി കുടുംബം മൂന്നാം തലമുറയും (3ജി) ഗാന്ധി കുടുംബം നാലാം തലമുറയുമാണ് (4ജി)’ എന്ന് അമിത് ഷാ ഹിന്ദിയിൽ പറഞ്ഞതിനെ, ‘2ജി എന്നത് മാരൻ സഹോദരന്മാരുടെ ടി.വി. ചാനൽ, 3ജി കരുണാനിധി കുടുംബത്തിന്റെ ടി.വി. ചാനൽ, 4ജി സോണിയ ഗാന്ധിയുടേത്’ എന്ന് തെറ്റായാണ് രാജ തർജമ ചെയ്തത്. സംഗതി പിശകാണെന്ന് മനസ്സിലാക്കിയ അമിത് ഷാ ചിരിച്ചുകൊണ്ട് വേദിയിൽവെച്ചുതന്നെ രാജയെ തിരുത്തി. 2018-ലും അമിത് ഷായെ രാജ തെറ്റായി പരിഭാഷപ്പെടുത്തിയത് ട്രോളന്മാർ ആഘോഷിച്ചിരുന്നു.

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കും ഇത്തരം അനുഭവങ്ങളുണ്ട്. അടുത്തിടെ പുതുച്ചേരി സന്ദർശനത്തിനെത്തിയ രാഹുൽഗാന്ധിയോട് മുഖ്യമന്ത്രി വി. നാരായണസാമി പരിഭാഷപ്പെടുത്തി പറഞ്ഞതാണ് തെറ്റിപ്പോയത്. നിവാർ ചുഴലിക്കാറ്റിന്റെ സമയത്ത് മുഖ്യമന്ത്രി പരിഗണിച്ചില്ലെന്ന്‌ ഒരു സ്ത്രീ പരാതിപ്പെട്ടപ്പോൾത്തന്നെ അഭിനന്ദിച്ചതാണെന്നായിരുന്നു നാരായണസാമി പറഞ്ഞത്. ഇത് ദേശീയതലത്തിൽവരെ ചിരിക്കും വിമർശനത്തിനും വകയുണ്ടാക്കി. 2019-ൽ കന്യാകുമാരിയിൽ, ‘അതുകൊണ്ടാണ് നാം തമിഴ്‌നാട്ടിലെ ജനങ്ങളെ ബഹുമാനിക്കുന്നത്’ എന്ന് രാഹുൽ ഇംഗ്ലീഷിൽ പറഞ്ഞതിനെ ‘നരേന്ദ്രമോദി തമിഴ് ജനതയുടെ ശത്രുവാണ്’ എന്നായിരുന്നു പരിഭാഷകൻ മൊഴിമാറ്റിയത്.