മുംബൈ: കുടുംബത്തെ ധിക്കരിച്ച് ഇഷ്ടപ്പെട്ടയാളെ വിവാഹം കഴിച്ചതിന് യുവതിയെ സഹോദരൻ തലയറത്ത് കൊന്നു. അറത്തെടുത്ത തല അയൽവാസികൾക്കു മുന്നിൽ പ്രദർശിപ്പിച്ചു. അമ്മയും മകനും ചേർന്ന് മൃതദേഹത്തിനൊപ്പം സെൽഫിയെടുത്ത് കുടുംബ വാട്സാപ്പ് ഗ്രൂപ്പുകളിൽ പങ്കുവെക്കുകയും ചെയ്തു. മഹാരാഷ്ട്രയിലെ ഔറംഗാബാദ് ജില്ലയിലെ വൈജാപ്പുരിനടുത്ത് ഗോയ്ഗാവിലാണ് നാടിനെ ഞെട്ടിച്ച ദുരഭിമാനക്കൊല. പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയ അമ്മയെയും സഹോദരനെയും അറസ്റ്റുചെയ്തു.

’സൈറാട്ട് ’ എന്ന മറാഠി സിനിമയിലെ രംഗങ്ങളെ അനുസ്മരിപ്പിക്കുന്നതാണ് ദുരഭിമാനക്കൊല. ആറുമാസംമുമ്പ് വിവാഹിതയായ കീർത്തി എ. തോറെ (19)യെയാണ് സഹോദരൻ ക്രൂരമായി കൊന്നത്. സഹോദരിയെ കൊന്ന സങ്കേത് സഞ്ജയ് മോട്ടേ(18)യും അതിന് സഹായിച്ച അമ്മ ശോഭ സഞ്ജയ് മോട്ടെ (38)യും പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

കൃഷിക്കാരനായ സഞ്ജയ് മോട്ടേയുടെ മകളായ കീർത്തി കോളേജിൽ സഹപാഠിയായിരുന്ന അജയ് എസ്. തോറെയെ വീട്ടുകാരുടെ എതിർപ്പ് അവഗണിച്ചാണ് വിവാഹം കഴിച്ചത്. മകളെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാർ പരാതി നൽകിയെങ്കിലും പോലീസ് കീർത്തിയെ ഭർത്താവിനൊപ്പം പോകാൻ അനുവദിച്ചു. അതിനുശേഷം രണ്ടുകുടുംബങ്ങളും തമ്മിൽ ബന്ധമില്ലായിരുന്നു. പത്തുദിവസംമുമ്പ് മകളെ കാണാനായി ശോഭ അജയിന്റെ വീട്ടിലെത്തി. കീർത്തിയെ കെട്ടിപ്പിടിച്ച് കരഞ്ഞ അമ്മ കഴിഞ്ഞതെല്ലാം മറന്ന് സ്നേഹത്തോടെ കഴിയാമെന്ന് ഉറപ്പുകൊടുത്തു. മകളെയും മരുമകനെയും കൂട്ടിക്കൊണ്ടുപോകാനായി വരാമെന്ന് പറയുകയും ചെയ്തു.

ഇതനുസരിച്ച് ശോഭയും മകനും ഞായറാഴ്ച അജയിന്റെ വീട്ടിലെത്തി. ചായയുണ്ടാക്കാൻ കീർത്തി അടുക്കളയിലേക്ക് പോയപ്പോൾ ഇരുവരും പിന്നാലെ ചെന്നു. കൈയിൽ കരുതിയ ആയുധമുപയോഗിച്ച് അടുക്കളയിൽവെച്ച് സങ്കേത് കീർത്തിയുടെ കഴുത്തറക്കുകയായിരുന്നു. അമ്മ കൊലയ്ക്ക് സഹായം ചെയ്തുകൊടുത്തു. അജയിനെയും വെട്ടാൻ ശ്രമിച്ചെങ്കിലും ഓടിരക്ഷപ്പെട്ടു. ആസൂത്രിതമായിരുന്നു കൊലപാതകമെന്ന് ഗോയ്ഗാവ് പോലീസ് ഓഫീസർ സൂര്യകാന്ത് ആർ. മോട്ടെ പറഞ്ഞു. അമ്മയും മകനും മൃതദേഹത്തിനൊപ്പംനിന്നെടുത്ത സെൽഫി സങ്കേതിന്റെ മൊബൈൽ ഫോണിൽ കാണാനില്ലെന്നും അതു വീണ്ടെടുക്കാനായി സൈബർവിദഗ്ധരെ ഏൽപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.