മുംബൈ: മഹാരാഷ്ട്രയിൽ കോവിഡ് വകഭേദമായ ഒമിക്രോൺ ബാധിതർ കൂടുന്ന സാഹചര്യത്തിൽ നിയന്ത്രണം കടുപ്പിക്കാൻ സർക്കാർ ആലോചിക്കുന്നു. കഴിഞ്ഞദിവസം പുണെയിൽ ഒരു കുടുംബത്തിലെ ആറുപേർക്കടക്കം ഏഴുപേർക്ക് ഒമിേക്രാൺ സ്ഥിരീകരിച്ചത് ആശങ്കക്കിടയാക്കിയിരുന്നു. ഇതുകൂടാതെ ദക്ഷിണാഫ്രിക്കയിൽനിന്ന് ഡോംബിവ്‌ലിയിലെത്തിയ മറൈൻ എൻജിനിയർക്കും രോഗം ബാധിച്ചു. വിവിധ രാജ്യങ്ങളിൽനിന്നെത്തിയ 21 പേരുടെ സാംപിളുകളുടെ പരിശോധനാഫലം അറിയാനുണ്ട്. ഇവരുടെ ജനിതക േശ്രണീകരണഫലം അടുത്തദിവസം പുറത്തു വരും. നിലവിൽ സംസ്ഥാനത്ത് എട്ടു പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തുന്നതിന്റെ സൂചന മന്ത്രി ആദിത്യ താക്കറെ നൽകി.

മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ആരോഗ്യ വിദഗ്ധരടങ്ങുന്ന കോവിഡ് കർമസേനയുടെ യോഗം വിളിക്കും. ഇൗ യോഗത്തിനുശേഷം കൂടുതൽ നിയന്ത്രണം വേണമോയെന്ന കാര്യത്തിൽ തീരുമാനമെടുക്കും. ഒമിക്രോൺ വ്യാപിച്ച രാജ്യങ്ങളിൽനിന്നെത്തുന്നവർക്ക് കർശനനിയന്ത്രണങ്ങളാണ് സംസ്ഥാനത്തുള്ളത്. വിമാനത്താവളത്തിൽ കോവിഡ് പരിശോധന നടത്തിയശേഷം ഏഴു ദിവസം ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീനിൽ കഴിയണം. തുടർന്ന്‌ ആർ.ടി.പി.സി.ആർ. പരിശോധനയ്ക്കുശേഷം രോഗമില്ലെങ്കിലും ഏഴുദിവസം വീണ്ടും വീട്ടിൽ സമ്പർക്ക വിലക്കിൽ കഴിയണം. കോവിഡ് സ്ഥിരീകരിക്കുന്നവരെ ആശുപത്രിയിലേക്ക്‌ മാറ്റും. വീട്ടിൽ കഴിയുന്നവരെ നിരീക്ഷിക്കും. മറ്റു സംസ്ഥാനങ്ങളിൽനിന്നെത്തുന്നവരെ (രണ്ട് ഡോസ് വാക്സിനെടുക്കാത്തവർക്ക്) കോവിഡ് പരിശോധനയ്ക്കു വിധേയരാക്കും.

രണ്ടുഡേസ് വാക്സിൻ സ്വീകരിച്ചവർക്ക് ബൂസ്റ്റർ ഡോസ് നൽകുന്നതിൽ കേന്ദ്രസർക്കാരിന്റെ തീരുമാനം കാത്തിരിക്കയാണെന്ന് ഉപമുഖ്യമന്ത്രി അജിത് പവാർ പറഞ്ഞു.