കൊഹിമ: നാഗാലാൻഡിൽ ഗ്രാമീണരെ വെടിവെച്ചുകൊന്ന സംഭവത്തിൽ കരസേനയുടെ 21-ാം പാരാ സ്പെഷ്യൽ ഫോഴ്സിനുനേരെ സംസ്ഥാന പോലീസ് കൊലക്കുറ്റത്തിനു കേസെടുത്തു. സുരക്ഷാസേനയുടെ നടപടിയിൽ പ്രതിഷേധിക്കാനായി വിവിധ ഗോത്രസംഘടനകൾ ആഹ്വാനംചെയ്ത തിങ്കളാഴ്ചത്തെ ബന്ദ് ഏറക്കുറെ ശാന്തമായിരുന്നു. ശനിയും ഞായറുമായുണ്ടായ വെടിവെപ്പിൽ 28 പേർക്ക് പരിക്കേറ്റു. ഇവരിൽ ആറുപേരുടെ നില ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു.

കൂട്ടക്കൊല നടന്ന മോൺ പട്ടണത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. എങ്കിലും സ്ഥിതി സംഘർഷഭരിതമാണ്. ശനിയാഴ്ച നടന്ന വെടിവെപ്പിൽ എത്രപേർ മരിച്ചു എന്നതിനെക്കുറിച്ചുള്ള ആശയക്കുഴപ്പം തിങ്കളാഴ്ചയും മാറിയില്ല. മോൺ ജില്ലയിലെ പ്രബല ഗോത്രമായ കോണ്യാക്കുകളുടെ സംഘടനയായ കോണ്യാക് യൂണിയൻ 17 ഗ്രാമീണർ വെടിവെപ്പിൽ കൊല്ലപ്പെട്ടെന്നാണ് ആദ്യം അവകാശപ്പെട്ടത്. പിന്നീട് 14 എന്നു തിരുത്തി.

ശനിയാഴ്ചയും ഞായറാഴ്ചയുമായുണ്ടായ വെടിവെപ്പുകളിലാണ് 14 പേർ മരിച്ചതെന്നാണ് പോലീസ് പറയുന്നത്. ശനിയാഴ്ച വൈകീട്ട് പണികഴിഞ്ഞ് പിക്കപ്പ് വാനിൽ മടങ്ങുകയായിരുന്ന ഖനിത്തൊഴിലാളികൾ എൻ.എസ്.സി.എൻ. (കെ-വൈ.എ.) തീവ്രവാദികളാണെന്നു തെറ്റിദ്ധരിച്ച് സുരക്ഷാസേന നടത്തിയ വെടിവെപ്പിൽ ആറുപേർ മരിച്ചു. തൊഴിലാളികൾ വീട്ടിലെത്താഞ്ഞതിനാൽ തിരക്കിയിറങ്ങിയ ഗ്രാമീണർ സേനാ വാഹനങ്ങൾ വളഞ്ഞു. ഇതേത്തുടർന്നുണ്ടായ ലഹളയിൽ സേനാംഗം കൊല്ലപ്പെട്ടു. ഗ്രാമീണർ സേനാവാഹനങ്ങൾക്ക് തീയിട്ടു. ആത്മരക്ഷാർഥം സൈന്യം നടത്തിയ വെടിവെപ്പിലാണ് മറ്റ് ഏഴുപേർ മരിച്ചതെന്നാണ് പോലീസ് പറയുന്നത്.

ലഹള ഞായറാഴ്ചയും തുടർന്നു. രോഷാകുലരായ ജനം കോണ്യാക് യൂണിയന്റെയും അസം റൈഫിൾസിന്റെയും ക്യാമ്പ് ആക്രമിച്ചു. അക്രമികൾക്കുനേരെ സൈന്യം നടത്തിയ വെടിവെപ്പിലാണ് പതിന്നാലാമൻ മരിച്ചതെന്ന് പോലീസ് പറയുന്നു.

ജോലികഴിഞ്ഞു മടങ്ങുകയായിരുന്ന ഖനിത്തൊഴിലാളികൾക്കുനേരെ പ്രകോപനമില്ലാതെയാണ് സൈന്യം വെടിവെച്ചതെന്നാണ് തിസിത് പോലീസ് സ്റ്റേഷനിലെ എഫ്.ഐ.ആർ. കൊലപാതകം, കൊലപാതകശ്രമം, ഒട്ടേറെപ്പേർ ചേർന്നു നടത്തിയ കുറ്റകൃത്യം എന്നിവയുമായി ബന്ധപ്പെട്ട വകുപ്പുകളാണ് 21-ാം പാരാ സ്പെഷ്യൽ ഫോഴ്സിനുമേൽ ചുമത്തിയിരിക്കുന്നത്.

കൂട്ടക്കൊലയ്ക്കുപിന്നാലെ സംസ്ഥാനസർക്കാർ മോൺ ജില്ലയിൽ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങളും കൂട്ട എസ്.എം.എസ്. സംവിധാനവും നിരോധിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് കേന്ദ്രസർക്കാർ 11 ലക്ഷം രൂപവീതവും സംസ്ഥാനസർക്കാർ അഞ്ചുലക്ഷം രൂപവീതവും സഹായം പ്രഖ്യാപിച്ചു.

മോണിലെ ഗ്രാമീണരുടെ കൂട്ടക്കൊലയിലുള്ള ദുഃഖാചരണത്തിന്റെ ഭാഗമായി നാഗാലാൻഡിലെ വിനോദസഞ്ചാര മാമാങ്കമായ ഹോൺബിൽ ഉത്സവം തിങ്കളാഴ്ച നിർത്തിവെച്ചു. 10 ദിവസത്തെ ഉത്സവം ഈ മാസം ഒന്നിനാണ് തുടങ്ങിയത്.

മേജർ ജനറൽ റാങ്ക് ഓഫീസർ അന്വേഷിക്കും

ന്യൂഡൽഹി: നാഗാലാൻഡിൽ ഗ്രാമീണർ കൊല്ലപ്പെട്ട സംഭവത്തിൽ കരസേന പ്രഖ്യാപിച്ച പട്ടാളക്കോടതി അന്വേഷണത്തിന് മേജർ ജനറൽ റാങ്ക് ഓഫീസർ നേതൃത്വം നൽകും. വടക്കുകിഴക്കൻ മേഖലയിൽ ജോലിചെയ്യുന്ന ഓഫീസർക്കായിരിക്കും ചുമതലയെന്ന് സേന അറിയിച്ചു.