ബെംഗളൂരു: കോവിഡ് വ്യാപനം കൂടിയാൽ കർണാടകത്തിൽ സ്കൂളുകളും കോളേജുകളും വീണ്ടും അടയ്ക്കുമെന്ന് വിദ്യാഭ്യാസമന്ത്രി ബി.സി. നാഗേഷ്. സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ചുവരുകയാണ്. നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കുമ്പോൾ വീണ്ടും ഓൺലൈൻ ക്ലാസുകളിലേക്ക് മടങ്ങുകയും പരീക്ഷകൾ നീട്ടിവെക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

വിദ്യാർഥികളുടെ സുരക്ഷയ്ക്കാണ് പ്രഥമപരിഗണന. ഭയപ്പെടേണ്ട സാഹചര്യമില്ലെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നതെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞു. ബെംഗളൂരുവിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബെംഗളൂരു, മൈസൂരു, കുടക്, ശിവമോഗ, തുമകൂരു, ധാർവാഡ് എന്നിവിടങ്ങളിലെ സ്കൂളുകളിലും കോളേജുകളിലും കോവിഡ് ക്ലസ്റ്ററുകൾ രൂപപ്പെട്ടിരുന്നു. ഇതോടെ സംസ്ഥാനത്തെ സ്കൂളുകളിലെ ഹാജർനിലയിലും ഗണ്യമായ കുറവുണ്ടായി. നേരിട്ടുള്ള ക്ലാസുകൾ നിർത്തി വിദ്യാർഥികൾ ഓൺലൈൻ ക്ലാസുകൾ തിരഞ്ഞെടുക്കുകയാണ്.

അതേസമയം സ്കൂളുകൾ കോവിഡ് ക്ലസ്റ്ററായി മാറുന്ന സാഹചര്യത്തിൽ പരിശോധനകളും നിയന്ത്രണങ്ങളും കർശനമാക്കിയിട്ടുണ്ട്. അധ്യാപകരും സ്കൂൾജീവനക്കാരും സ്കൂളിലെത്തുന്ന കുട്ടികളുടെ രക്ഷിതാക്കളും നിർബന്ധമായും രണ്ടുഡോസ് വാക്സിനെടുക്കണമെന്നാണ് നിർദേശം. സാമൂഹിക അകലം പാലിച്ച് ഇരിപ്പിടങ്ങളൊരുക്കുക, നിർബന്ധമായും മുഖാവരണം ധരിക്കുക, നിശ്ചിത ഇടവേളയിൽ അണുനശീകരണം നടത്തുക തുടങ്ങിയ മുൻനിർദേശങ്ങൾ കർശനമായി നടപ്പാക്കണമെന്നും വിദ്യാഭ്യാസസ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.