ചെന്നൈ: ദക്ഷിണഭാരത ഹിന്ദി പ്രചാരസഭയുടെ (ഡി.ബി.എച്ച്.പി.എസ്.) ബിരുദങ്ങൾക്ക് യു.ജി.സി. അംഗീകാരം. ഉപരിപഠനത്തിനും ജോലിക്കും ഹിന്ദി പ്രചാരസഭയിൽനിന്ന് നേടുന്ന ബിരുദങ്ങളും ഡിപ്ലോമകളും പരിഗണിക്കുന്നില്ലെന്ന പരാതികളുയർന്നിരുന്നു.

തുടർന്നാണ് യു.ജി.സി. യുടെഅംഗീകാരം. ഹിന്ദി പ്രചാരസഭയ്ക്ക് പരീക്ഷ നടത്താനും ബിരുദമനുവദിക്കാനും അധികാരമുണ്ടെന്ന് യു.ജി.സി. അറിയിച്ചു. ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്‌സുകൾ നടത്താനും സാധിക്കും. ചെന്നൈയിലെ ഡി.ബി.എച്ച്.പി.എസ്. നൽകുന്ന ബിരുദങ്ങൾ ജോലിക്കും ഉപരിപഠനത്തിനും സാധുതയുള്ളതാണെന്ന് യു.ജി.സി. അറിയിച്ചു. ബി.എ., എം.എ., എം.ഫിൽ., പി.എച്ച്.ഡി., ബി.എഡ്., എം.എഡ്., ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്‌സുകളാണ് ഹിന്ദി പ്രചാരസഭ നടത്തുന്നത്. 1918-ൽ മഹാത്മാഗാന്ധി സ്ഥാപിച്ച സഭ ചെന്നൈ ആസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്. കേന്ദ്രമന്ത്രി വി. മുരളീധരനാണ് സഭയുടെ ഇപ്പോഴത്തെ അധ്യക്ഷൻ.