കൊൽക്കത്ത: പശ്ചിമബംഗാളിൽ പുതിയ ബി.ജെ.പി. സംസ്ഥാന അധ്യക്ഷനെ ഉടൻ പ്രഖ്യാപിച്ചേക്കും. അധ്യക്ഷസ്ഥാനത്ത് ദിലീപ് ഘോഷ് രണ്ടുതവണ പൂർത്തിയാക്കുന്ന സാഹചര്യത്തിലാണ് പുതിയ ആളെ നിയമിക്കാനുള്ള ചർച്ച നടക്കുന്നത്.

ആർ.എസ്.എസ്. പ്രചാരക് ആയിരുന്ന ദിലീപ് ഘോഷ് അധ്യക്ഷസ്ഥാനം ഏറ്റെടുത്തതിനുശേഷം ബി.ജെ.പി.ക്ക് സംസ്ഥാനത്ത് ഏറെ വളർച്ചയുണ്ടായിരുന്നു. 2019-ലെ ലോക് സഭാ തിരഞ്ഞെടുപ്പിൽ 18 സീറ്റുകൾ നേടി തൃണമൂലിനെ ഞെട്ടിക്കാനും 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ മുഖ്യപ്രതിപക്ഷമാകാനും ബി.ജെ.പി.ക്ക് കഴിഞ്ഞു. എന്നാൽ തൃണമൂലിൽനിന്നും പ്രമുഖ നേതാവായ ശുഭേന്ദു അധികാരി ബി.ജെ.പി.യിലേക്ക് എത്തിയശേഷം ഘോഷിന്റെ പ്രാധാന്യത്തിന് ഇടിവുണ്ടായിട്ടുണ്ട്. കേന്ദ്ര സഹമന്ത്രിയായിരുന്ന ബാബുൽ സുപ്രിയോയുമായുള്ള പടലപ്പിണക്കങ്ങളും പാർട്ടിക്ക് തലവേദനയായിരുന്നു.

ദിലീപ് ഘോഷ് തന്നെ അടുത്ത പ്രസിഡന്റ് സ്ഥാനത്തേക്ക് തന്റെ പിൻഗാമിയെ നിർദേശിച്ചതായും വിവരമുണ്ട്. എന്നാൽ മമതാ ബാനർജിക്കെതിരേ ഏറ്റുമുട്ടാൻ ഒരു വനിതയെത്തന്നെ ബി.ജെ.പി. ബംഗാളിൽ അധ്യക്ഷ പദവിയിലേക്ക് കൊണ്ടുവരുമെന്നും സംസാരമുണ്ട്. അങ്ങിനെ വന്നാൽ മുൻ കേന്ദ്രസഹമന്ത്രി ദേബശ്രീ ചൗധരി, ലോക്കറ്റ് ചാറ്റർജി എം.പി. എന്നിവരിലാർക്കെങ്കിലും നറുക്കുവീഴും.