ചെന്നൈ: കോവിഡ് ഭേദമാകുമെന്ന് അവകാശപ്പെട്ട് മരുന്നുവിൽപ്പന നടത്തി ലാഭമുണ്ടാക്കിയതിന് പതഞ്ജലി ആയുർവേദ കമ്പനിക്ക് മദ്രാസ് ഹൈക്കോടതി പത്ത് ലക്ഷം രൂപ പിഴചുമത്തി. കൊറോണിൽ എന്ന മരുന്ന് വിൽക്കുന്നതിനുള്ള ഇടക്കാല സ്റ്റേ പിൻവലിക്കാനും കോടതി വിസമ്മതിച്ചു. പേര് തുടർന്ന് ഉപയോഗിക്കാനും അനുമതിയില്ല. ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന അരുദ്ര എന്ന കമ്പനി സമർപ്പിച്ച ഹർജിയിലാണ് നടപടി. തങ്ങളുടെ ട്രേഡ്മാർക്ക് പേരായ കൊറോണിൽ അനുമതിയില്ലാതെ പതഞ്ജലി ഉപയോഗിച്ചെന്ന അരുദ്രയുടെ പരാതിയെത്തുടർന്നാണ് ജൂലായ് 18-ന് കോടതി മരുന്ന് വിൽപ്പനയ്ക്ക് ഇടക്കാല സ്റ്റേ വിധിച്ചത്.
1993 മുതലുള്ള തങ്ങളുടെ കൊറോണിൽ-213 എസ്.പി.എൽ., കൊറോണിൽ-92 ബി എന്നീ ബ്രാൻഡുകൾക്ക് 2027 വരെ കാലാവധിയുണ്ടെന്ന് അരുദ്ര വ്യക്തമാക്കിയിരുന്നു. പതഞ്ജലിയും ദിവ്യ യോഗ മന്ദിർ ട്രസ്റ്റും 10,000 കോടി രൂപ ആസ്തിയുള്ള കമ്പനിയാണെന്ന് ആവർത്തിച്ച് അവകാശപ്പെടുന്നുണ്ട്. എന്നിട്ടും കോവിഡ് കാലത്ത് ജനങ്ങളുടെ ഭയാശങ്കകൾ മുതലെടുത്ത് അനധികൃതമായി മരുന്നുവിൽപ്പന നടത്തി ലാഭം കൊയ്യുകയാണെന്ന് ജസ്റ്റിസ് സി.വി. കാർത്തികേയൻ 104 പേജുള്ള ഉത്തരവിൽ ചൂണ്ടിക്കാട്ടി.
പതഞ്ജലിയുടെ കൊറോണിൽ ഗുളിക രോഗശാന്തി നൽകുന്നില്ല. ചുമ, ജലദോഷം, പനി എന്നിവയ്‌ക്കെതിരേ പ്രതിരോധശേഷി വർധിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. പിഴത്തുകയായ പത്തുലക്ഷം രൂപയിൽ അഞ്ചുലക്ഷംവീതം അഡയാർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിനും സർക്കാർ യോഗ-പ്രകൃതിചികിത്സാ മെഡിക്കൽ കോളേജ് ആശുപത്രിക്കും നൽകണം -കോടതി പറഞ്ഞു. രണ്ട് ആശുപത്രികൾക്കും 21-ന് മുമ്പ് തുക നൽകണം.