ചെന്നൈ: സാമൂഹികപരിഷ്കർത്താവായ പെരിയാർ രാമസ്വാമി ആരംഭിച്ച സംഘടനയായ ദ്രാവിഡർ കഴകത്തെ നിരോധിക്കണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ പൊതുതാത്പര്യഹർജി. ഹൈക്കോടതിയുടെ മധുര ബെഞ്ചിൽ ദിണ്ടിക്കൽ സ്വദേശിയാണ് ഹർജി നൽകിയത്. ദ്രാവിഡർ കഴകത്തെ നിരോധിക്കണമെന്നും ഇപ്പോഴത്തെ അധ്യക്ഷൻ കെ. വീരമണിക്കെതിരേ ദേശീയസുരക്ഷാനിയമപ്രകാരം നടപടിയെടുക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
ഹിന്ദുദൈവങ്ങളെ ഇകഴ്ത്തിക്കാട്ടുന്ന വീഡിയോകൾ പോസ്റ്റുചെയ്യുന്നതിന് നടപടിനേരിട്ട കറുപ്പർ കൂട്ടം യൂട്യൂബ് ചാനൽ ദ്രാവിഡർ കഴകത്തിന് കീഴിലുള്ളതാണെന്ന് ഹർജിയിൽ ആരോപിക്കുന്നു. ദ്രാവിഡർ കഴകത്തിന്റെ മുഖപത്രമായ ‘വിടുതലൈ’യിൽ ജൂലായ് 23-ന്, 1971-ലെ തിരഞ്ഞെടുപ്പിൽ നടന്നത് വരുന്ന തിരഞ്ഞെടുപ്പിലും ആവർത്തിക്കുമെന്ന വീരമണിയുടെ പ്രസ്താവന നൽകിയിരിക്കുന്നതായി ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. 1971-ൽ സേലത്ത് ഹിന്ദുദൈവങ്ങളെ അവമതിച്ച് ചിത്രീകരിച്ചതിനെ സൂചിപ്പിച്ചാണ് വീരമണി ഈ പ്രസ്താവന നടത്തിയതെന്ന് അവകാശപ്പെട്ട ഹർജിക്കാരൻ, ദ്രാവിഡർ കഴകത്തിന്റെ നടപടികൾ മതവികാരം വ്രണപ്പെടുത്തുന്നതാകുമെന്ന് വാദിച്ചു. പാർട്ടിയുടെ സ്വത്തുവകകൾ കണ്ടുകെട്ടണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു.
ഹർജി പരിഗണിച്ച എം. സത്യനാരായണൻ, പി. രാജമാണിക്കം എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് ഈ ഹർജി പ്രശസ്തിതാത്പര്യ ഹർജിയാണെന്ന് നിരീക്ഷിച്ചു. നിയമപരമായി സാധുതയുള്ള യാതൊന്നുംസാക്ഷ്യപ്പെടുത്താൻ ഹർജിക്കാരനായില്ലെന്നുപറഞ്ഞ കോടതി, ഹർജി ഈമാസം 26-ലേക്ക് മാറ്റി. ആദ്യകാല ദ്രാവിഡസംഘടനയായ ദ്രാവിഡർ കഴകത്തിൽനിന്ന് വേർപിരിഞ്ഞാണ് പിന്നീട് തമിഴ്‌നാട്ടിൽ ഡി.എം.കെ. ഉൾപ്പെടെ ദ്രാവിഡ രാഷ്ട്രീയപ്പാർട്ടികളുണ്ടായത്.