മുംബൈ: മഹാരാഷ്ട്ര ആഭ്യന്തര മന്ത്രിയായിരുന്ന അനിൽ ദേശ്‌മുഖിന് എതിരേയുയർന്ന ആരോപണങ്ങളിൽ സി.ബി.ഐ. അന്വേഷണത്തിന് ഉത്തരവിട്ട ബോംബെ ഹൈക്കോടതി വിധിക്കെതിരേ മഹാരാഷ്ട്ര സർക്കാരും അനിൽ ദേശ്‌മുഖും സുപ്രീംകോടതിയിൽ അപ്പീൽ നൽകി. ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രണ്ടു കക്ഷികളും വെവ്വേറെ പ്രത്യേകാനുമതി ഹർജികളാണ് ചൊവ്വാഴ്ച സമർപ്പിച്ചത്.

തിങ്കളാഴ്ച ഹൈക്കോടതി വിധി വന്നയുടൻ രാജി നൽകിയ ശേഷം ഡൽഹിക്കു തിരിച്ച അനിൽ ദേശ്‌മുഖ് കോൺഗ്രസ് നേതാവുകൂടിയായ അഭിഭാഷകൻ അഭിഷേക് മനു സിങ്‌വിയുമായി ചർച്ച നടത്തിയശേഷമാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്. തനിക്കു പറയാനുള്ളത് കേൾക്കാതെ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് നിലനിൽക്കില്ലെന്ന് ദേശ്‌മുഖിന്റെ ഹർജിയിൽ പറയുന്നു.

അന്വേഷണം നടത്താൻ നിർദേശിക്കപ്പെട്ട സി.ബി.ഐ.യ്ക്ക് സ്ഥിരം ഡയറക്ടർപോലുമില്ലെന്നും ഇക്കാര്യം കോടതിയിൽ ചോദ്യംചെയ്യപ്പെട്ടിട്ടുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

ഹൈക്കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര സർക്കാരും സമാനമായ ഹർജി നൽകിയതായി സ്റ്റാൻഡിങ് കോൺസൽ സച്ചിൻ പാട്ടീൽ അറിയിച്ചു. മഹാരാഷ്ട്ര സർക്കാരിന്റെയും അനിൽ ദേശ്‌മുഖിന്റെയും അപ്പീലുകളിൽ വിധി പറയുന്നതിനുമുമ്പ് തനിക്കു പറയാനുള്ളതുകൂടി കേൾക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകയായ ജയശ്രീ പാട്ടീൽ സുപ്രീംകോടതിയിൽ കേവിയറ്റ് ഹർജി നൽകിയിട്ടുണ്ട്.

മുംബൈ പോലീസ് കമ്മിഷണറായിരുന്ന പരംബീർ സിങ്ങും ജയശ്രീ പാട്ടീലടക്കം മറ്റു മൂന്നുപേരും നൽകിയ ഹർജികൾ തീർപ്പാക്കിക്കൊണ്ടാണ് പരംബീർ സിങ് ഉന്നയിച്ച ആരോപണങ്ങളെപ്പറ്റി സി.ബി.ഐ.യുടെ പ്രാഥമികാന്വേഷണം നടത്താൻ ഹൈക്കോടതി തിങ്കളാഴ്ച ഉത്തരവിട്ടത്. പോലീസിന്റെ ദൈനംദിന നടപടികളിലെല്ലാം സ്വാർഥതാത്‌പര്യങ്ങൾ മുൻനിർത്തി മന്ത്രി ഇടപെടാറുണ്ടെന്നും നഗരത്തിലെ ബാറുകളിൽനിന്ന് എല്ലാ മാസവും 100 കോടി രൂപ പിരിച്ചുനൽകണമെന്ന് സച്ചിൻ വാസേ ഉൾപ്പെടെയുള്ള പോലീസുകാരോട് മന്ത്രി നിർദേശിച്ചു എന്നുമാണ് പരംബീർ സിങ്ങിന്റെ പ്രധാന ആരോപണങ്ങൾ.